Sunday, September 6, 2026

ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നുവീണു; വിദ്യാർഥികൾ കുടുങ്ങിയതായി സംശയം

ഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ സത്യനികേതനിൽ കനത്ത മഴയെ തുടർന്ന് നാലുനില കെട്ടിടം തകർന്നുവീണു. വിദ്യാർഥികൾ താമസിച്ചിരുന്ന പിജി കെട്ടിടമാണ് തകർന്നത്. ഇരുപതോളം വിദ്യാർഥികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക നിഗമനം. രണ്ട് പേരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തി. പരുക്കേറ്റ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. ഡൽഹി സർവകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപത്താണ് കെട്ടിടം സ്ഥിതി ചെയ്തിരുന്നത്. കെട്ടിടത്തിന്റെ പഴക്കവും കനത്ത മഴയും തകർച്ചയ്ക്ക് കാരണമായെന്നാണ് പ്രാഥമിക വിലയിരുത്തൽ.

അപകടസമയത്ത് കെട്ടിടത്തിൽ അൻപതോളം വിദ്യാർഥികൾ ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. ഞായറാഴ്ചയായതിനാൽ നിരവധി വിദ്യാർഥികൾ പുറത്തുപോയിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായതായും സൂചനയുണ്ട്.

എൻഡിആർഎഫ്, പൊലീസ്, അഗ്നിശമനസേന എന്നിവയുടെ നേതൃത്വത്തിൽ സംയുക്ത രക്ഷാപ്രവർത്തനം തുടരുകയാണ്. അഗ്നിശമനസേനയുടെ 12 യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ കണ്ടെത്തുന്നതിനും സ്ലാബുകളും ഗർഡറുകളും നീക്കം ചെയ്യുന്നതിനുമായി ജെസിബികളും എത്തിച്ചിട്ടുണ്ട്.

അപകടമേഖലയിൽ പൊലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പ്രദേശത്തുനിന്ന് ആൾക്കൂട്ടം ഒഴിഞ്ഞുപോകണമെന്നും രക്ഷാപ്രവർത്തനത്തിന് തടസ്സമുണ്ടാകാതിരിക്കാൻ സഹകരിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. സമീപത്തെ മറ്റ് കെട്ടിടങ്ങളിൽ താമസിക്കുന്നവർക്കും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത നിർദേശം നൽകി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!