പൂനെ: മഹാരാഷ്ട്രയെ നടുക്കിയ യുവ വ്യവസായി കേതൻ ആഗർവാളിന്റെ കൊലപാതകക്കേസിൽ ചേതന്റെ സുഹൃത്ത് റിതേഷ് ഹാങ്കേ അറസ്റ്റിൽ. കേസിൽ ഇയാൾക്ക് പങ്കുള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് പൂനെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ അറസ്റ്റ്.
കേതനെ കൊലപ്പെടുത്താൻ ചേതനും സിയയും ആസൂത്രണം ചെയ്തിരുന്നതായി റിതേഷിന് അറിയാമായിരുന്നെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ കൊലപാതകത്തിൽ റിതേഷ് നേരിട്ട് പങ്കെടുത്തിട്ടുണ്ടോയെന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ലോഹഗഡ് കോട്ടയിലേക്ക് വരാൻ പ്രതികൾ റിതേഷിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇയാൾ ക്ഷണം നിരസിച്ചതായാണ് പൊലീസിന് നൽകിയ മൊഴി. കൊലപാതകത്തിന് ശേഷം സിയയും ചേതനും റിതേഷിനെ കണ്ടിരുന്നതായും കുറ്റകൃത്യവുമായി ബന്ധപ്പെട്ട സമയങ്ങളിൽ ഇരുവരും ഇയാളുമായി ബന്ധപ്പെട്ടിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി.
ചേതന്റെ ഫോൺ പരിശോധിച്ചതോടെയാണ് റിതേഷിനെതിരായ നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചത്. ഫോണിലെ ചാറ്റുകൾ പരിശോധിച്ചതിലും സുപ്രധാന വിവരങ്ങൾ ലഭിച്ചു. കൊലപാതകത്തിന് ആഴ്ചകൾക്ക് മുമ്പ്, മേയ് അവസാന വാരത്തിൽ റിതേഷ് ചേതനുമായി ബന്ധപ്പെട്ടിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഫോറൻസിക് പരിശോധനയ്ക്കായി അയച്ച ചേതന്റെ ഫോണിൽനിന്നുള്ള വിവരങ്ങൾ വീണ്ടെടുത്തതോടെയാണ് കേസിൽ റിതേഷിന്റെ പങ്കിനെക്കുറിച്ചുള്ള കൂടുതൽ തെളിവുകൾ ലഭിച്ചത്. ബീഡ് ജില്ലക്കാരനായ റിതേഷ് നിലവിൽ ബാലേവാഡിയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയാണ്.
കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന് പൊലീസ്
ജൂൺ 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലോഹഗഡ് കോട്ടയിൽ ട്രക്കിങ്ങിനിടെ കേതൻ ആഗർവാളിനെ സിയയും കാമുകൻ ചേതനും ചേർന്ന് 400 അടി താഴ്ചയുള്ള കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്.
തുടക്കത്തിൽ ട്രക്കിങ്ങിനിടെ കാൽവഴുതി വീണുണ്ടായ അപകടമാണെന്നായിരുന്നു സിയയുടെ മൊഴി. എന്നാൽ മൊഴിയിലെ വൈരുദ്ധ്യങ്ങളും സിയയുടെ അസ്വാഭാവിക പെരുമാറ്റവും അന്വേഷണത്തിൽ സംശയത്തിനിടയാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായതും സിയയെയും ചേതനെയും അറസ്റ്റ് ചെയ്തതും.
