വൻകൂവർ: ബ്രിട്ടീഷ് കൊളംബിയയിലെ വിസ്ലറിന് സമീപം കാട്ടുപാതയിൽവെച്ച് കരടിയുടെ ആക്രമണത്തിൽ യുവതിക്ക് ഗുരുതരമായി പരുക്കേറ്റു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. മൂന്ന് പേരടങ്ങിയ ഹൈക്കിങ് സംഘം കാലഗൻ കൺസർവൻസിയിലെ കോൺഫ്ലിക്ട് തടാകത്തിന് സമീപത്താണ് രണ്ട് കരടികളെ കണ്ടത്.
സംഘത്തിലുണ്ടായിരുന്ന യുവതിയെ ഒരു കരടി ആക്രമിക്കുകയായിരുന്നു. കരടിയുടെ ആക്രമണത്തിൽ യുവതിയുടെ കാലിന് ഗുരുതരമായി പരുക്കേറ്റു. വിസ്ലർ സെർച്ച് ആൻഡ് റെസ്ക്യൂ സംഘത്തിന്റെ സഹായത്തോടെ യുവതിയെ ഹെലികോപ്റ്റർ മാർഗമാണ് ആശുപത്രിയിലെത്തിച്ചത്. നിലവിൽ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതർ അറിയിച്ചു.
സുരക്ഷാ കാരണങ്ങളാൽ ആക്രമണം നടന്ന സ്ഥലത്ത് നടത്തിയ പരിശോധനയ്ക്കിടെ പ്രായപൂർത്തിയായ ആൺ കറുത്ത കരടിയെ ഉദ്യോഗസ്ഥർ വെടിവെച്ച് കൊന്നു. എന്നാൽ ആക്രമണം നടത്തിയത് കറുത്ത കരടിയാണോ ഗ്രിസ്ലി കരടിയാണോ എന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

ആക്രമണം നടന്ന പ്രദേശം ഗ്രിസ്ലി കരടികളുടെ ആവാസകേന്ദ്രമാണെന്ന് വിസ്ലർ സെർച്ച് ആൻഡ് റെസ്ക്യൂ പ്രസിഡന്റ് ബ്രാഡ് സിൽസ് പറഞ്ഞു. കരടികളുടെ സാന്നിധ്യമുള്ള പ്രദേശങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ശബ്ദമുണ്ടാക്കി നീങ്ങുന്നത് ഉൾപ്പെടെയുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
സംഭവത്തെ തുടർന്ന് പ്രദേശത്തെ ട്രെയിൽ പ്രവേശനം ബ്രിട്ടീഷ് കൊളംബിയ പാർക്സ് അടച്ചു. സുരക്ഷാ കാരണങ്ങളാൽ പൊതുജനങ്ങൾ പ്രദേശത്തേക്ക് പ്രവേശിക്കരുതെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്. സംഭവത്തിൽ കൺസർവേഷൻ ഉദ്യോഗസ്ഥരുടെ അന്വേഷണം തുടരുകയാണ്.
