കാല്‍ഗറി: ജനപ്രിയ മെസേജിങ് ആപ്പായ വാട്സ്ആപ്പ് വഴി ബിസിനസ്സുകാരെയും കുടുംബങ്ങളെയും ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസ് എടുത്തതായി കാല്‍ഗറി പോലീസ് സര്‍വീസ് (CPS). പിടിയിലായവരില്‍ ഒരു 17-കാരനും രണ്ട് മുതിര്‍ന്നവരും ഉള്‍പ്പെടുന്നു.
മാര്‍ച്ച് 25-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരയായ സ്ത്രീയുടെ പൂര്‍ണ്ണമായ പേര്, വിലാസം, ബിസിനസ് വിവരങ്ങള്‍, കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ എന്നിവ ശേഖരിച്ച പ്രതികള്‍ വാട്സ്ആപ്പ് സന്ദേശങ്ങളിലൂടെ വന്‍തുക ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. സന്ദേശം അയച്ച് 12 മണിക്കൂറിനുള്ളില്‍ ഇവരുടെ വീടിന് നേരെ പ്രതികള്‍ വെടിവെയ്ക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളും ഡിജിറ്റല്‍ തെളിവുകളും പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ ജൂലൈ 29-ന് 17 വയസ്സുകാരനായ കൗമാരക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ചെസ്റ്റര്‍മിയര്‍ സ്വദേശിയായ കനുരീത് കൗര്‍ (23) എന്ന യുവതി പിടിയിലാകുന്നത്. ഇവര്‍ക്ക് പുറമെ കേസില്‍ ഉള്‍പ്പെട്ട തന്‍വീര്‍ സിങ് (21) എന്നയാള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. 2025 ഏപ്രില്‍ മുതല്‍ കാല്‍ഗറിയില്‍ 51 പണംതട്ടല്‍ സംഭവങ്ങളും 19 വെടിവെയ്പ്പുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഇതിനോടകം 19 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. പണംതട്ടല്‍ ഭീഷണികള്‍ നേരിടുന്നവര്‍ യാതൊരു കാരണവശാലും പണം നല്‍കരുതെന്നും ഉടന്‍ തന്നെ പോലീസുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
