ഒന്റാരിയോ: നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ പിഞ്ചുകുഞ്ഞിനെ തനിച്ചാക്കി പോയ സംഭവത്തില്‍ 45-കാരിയായ സ്ത്രീയെ കാനഡയിലെ ഗ്വല്‍ ഫ് പോലീസ് അറസ്റ്റ് ചെയ്തു. ജീവന് ആവശ്യമായ പരിചരണം നല്‍കുന്നതില്‍ പരാജയപ്പെട്ടു (Failing to provide necessaries of life) എന്ന കുറ്റത്തിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
വൂഡ്ലോണ്‍ റോഡ് വെസ്റ്റിലെ ഒരു സ്ഥാപനത്തിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനത്തിനുള്ളിലാണ് കുട്ടിയെ കണ്ടെത്തിയത്. വാഹനം ഓണ്‍ ചെയ്ത നിലയിലായിരുന്നില്ലെന്നും ജാലകങ്ങള്‍ ഒന്നുരണ്ട് ഇഞ്ച് മാത്രമാണ് തുറന്നിരുന്നതെന്നും പോലീസ് വ്യക്തമാക്കി. വഴിയാത്രക്കാരനായ ഒരാള്‍ കുഞ്ഞിനെ കാറിനുള്ളില്‍ തനിച്ചായി കാണുകയും 10 മിനിറ്റോളം നിരീക്ഷിച്ച ശേഷം ആരും വരാതിരുന്നതിനെ തുടര്‍ന്ന് കാറിന്റെ വാതില്‍ തുറന്ന് പരിശോധിക്കുകയുമായിരുന്നു. അബോധാവസ്ഥയിലായിരുന്ന കുട്ടി കടുത്ത ചൂടില്‍ വിയര്‍ത്തു കുളിച്ച നിലയിലായിരുന്നു.

ഉടന്‍ തന്നെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും രക്ഷാപ്രവര്‍ത്തകരുമെത്തി കുട്ടിയെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം നടത്തിവരികയായിരുന്ന പോലീസ് കഴിഞ്ഞ ദിവസമാണ് പ്രതിയായ സ്ത്രീയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
