ടൊറന്റോ: കാനഡ ഡിസെബിലിറ്റി ബെനിഫിറ്റ് (CDB) പദ്ധതിക്ക് അർഹരായവർക്ക് 150 കനേഡിയൻ ഡോളർ വീതം ഒറ്റത്തവണ സാമ്പത്തിക സഹായം നൽകുമെന്ന് ഫെഡറൽ സർക്കാർ. ഡിസെബിലിറ്റി ടാക്സ് ക്രെഡിറ്റിന് (DTC) അപേക്ഷിക്കുന്നതിനിടെ ഉണ്ടാകുന്ന ചെലവുകൾ പരിഹരിക്കുന്നതിനായാണ് തുക അനുവദിക്കുന്നത്. സെപ്റ്റംബർ 17 മുതൽ തുക വിതരണം ആരംഭിക്കുമെന്ന് സർക്കാർ അറിയിച്ചു.
ഡിസെബിലിറ്റി ടാക്സ് ക്രെഡിറ്റ് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ കാനഡ ഡിസെബിലിറ്റി ബെനിഫിറ്റ് പദ്ധതിക്ക് യോഗ്യത നേടിയവർക്കാണ് ഒറ്റത്തവണ സഹായം ലഭിക്കുക. പദ്ധതിയുടെ ഭാഗമായി മുൻപ് ആനുകൂല്യം ലഭിച്ചവർക്കും ചില സാഹചര്യങ്ങളിൽ പുതിയ സഹായത്തിന് അർഹതയുണ്ടാകും.
പ്രത്യേക അപേക്ഷ ആവശ്യമില്ല
150 ഡോളറിന്റെ സഹായത്തിനായി അർഹർ പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. യോഗ്യത സ്ഥിരീകരിക്കുന്നതോടെ തുക നേരിട്ട് ബാങ്ക് അക്കൗണ്ടിൽ എത്തും.
2025 ജൂലൈയ്ക്കും 2026 ജൂലൈയ്ക്കും ഇടയിൽ ഡിടിസി യോഗ്യത നേടിയവർക്ക് 2026 സെപ്റ്റംബർ 17 മുതൽ തുക ലഭിക്കും. 2027 ജൂലൈയ്ക്ക് ശേഷം യോഗ്യത നേടുന്നവർക്കും പുതിയ ഡിടിസി സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്കും 2027ന്റെ തുടക്കത്തിൽ തുക വിതരണം ചെയ്യുമെന്ന് സർക്കാർ അറിയിച്ചു.

“അർഹരായ കൂടുതൽ കനേഡിയൻ പൗരന്മാർക്ക് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനുള്ള തടസ്സങ്ങൾ ഓരോന്നായി നീക്കുകയാണ്. ആരും ഒറ്റപ്പെട്ടുപോകാത്ത ഒരു കാനഡയാണ് ഞങ്ങൾ പടുത്തുയർത്തുന്നത്,” ജോബ്സ് ആൻഡ് ഫാമിലീസ് മന്ത്രി പാറ്റി ഹജ്ദു പറഞ്ഞു.
അപേക്ഷാ നടപടികളിൽ വിമർശനം
കഴിഞ്ഞ വർഷം ആരംഭിച്ച സിഡിബി പദ്ധതി ഭിന്നശേഷിക്കാർക്ക് സാമ്പത്തിക പിന്തുണ നൽകുന്നതിനുള്ള പ്രധാന നടപടിയായാണ് സർക്കാർ അവതരിപ്പിച്ചത്. എന്നാൽ അപേക്ഷാ നടപടികളിലെ കാലതാമസവും ആനുകൂല്യങ്ങൾ ലഭിക്കുന്നതിലെ താമസവും പദ്ധതിക്കെതിരെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
കഴിഞ്ഞ ഓഗസ്റ്റിൽ നിശ്ചിത തീയതിയിൽ രണ്ടാം ഘട്ട തുക ലഭിക്കാത്തതിനെ തുടർന്ന് നിരവധി ഗുണഭോക്താക്കൾ പ്രതിഷേധിച്ചിരുന്നു. സാങ്കേതിക തകരാറാണ് പണമിടപാട് വൈകാൻ കാരണമെന്നായിരുന്നു അധികൃതരുടെ വിശദീകരണം.
അതേസമയം, സിഡിബി ലഭിക്കുന്നതിന് ഡിടിസി നിർബന്ധമാക്കിയിരിക്കുന്നതും പല ഭിന്നശേഷിക്കാർക്കും വലിയ തടസ്സമാണെന്ന് ഭിന്നശേഷി അവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഡിടിസി സർട്ടിഫിക്കറ്റ് നേടുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
