പാട്ന: കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത 29 പ്രവർത്തകർക്ക് ബിഹാർ പിസിസി കാരണം കാണിക്കൽ നോട്ടീസ് നൽകി. പാർട്ടി നയങ്ങൾക്ക് വിരുദ്ധമായി പ്രതിഷേധത്തിൽ പങ്കെടുത്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സംസ്ഥാന കോൺഗ്രസിൽ ഭിന്നത രൂക്ഷമായിരുന്നു. ഇതിനിടെയാണ് സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും എഐസിസി ആസ്ഥാനത്തിന് സമീപം പ്രതിഷേധവുമായി രംഗത്തെത്തിയത്.
സെപ്റ്റംബർ എട്ടിന് ബിഹാർ പിസിസി പ്രസിഡന്റ് രാജേഷ് റാമിനെയും ബിഹാറിന്റെ ചുമതലയുള്ള കൃഷ്ണ അല്ലാവരുവിനെയും സ്ഥാനങ്ങളിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു ധർണ. പ്രതിഷേധം ഗുരുതരമായ അച്ചടക്കലംഘനമാണെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.
നോട്ടീസ് ലഭിച്ചവർ 72 മണിക്കൂറിനുള്ളിൽ രേഖാമൂലം വിശദീകരണം നൽകണമെന്നാണ് നിർദേശം. തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കിൽ ഏകപക്ഷീയമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അച്ചടക്ക സമിതി അധ്യക്ഷൻ കപിൽദേവ് പ്രസാദ് യാദവാണ് നോട്ടീസ് അയച്ചത്.
മുൻ എംഎൽഎമാരായ അനിൽ സിങ്, പൂനം ദേവി, മുൻ ജില്ലാ കോൺഗ്രസ് അധ്യക്ഷന്മാരായ വിധുശേഖർ പാണ്ഡെ, ഭാരത് ഭൂഷൺ ദുബെ, സത്യേന്ദ്ര യാദവ്, മൃത്യുഞ്ജയ് സിങ് എന്നിവർക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്.

എന്നാൽ തങ്ങളുടെ പരാതികൾ ഉന്നയിക്കാൻ കേന്ദ്ര നേതൃത്വത്തെ സമീപിക്കുന്നതിൽ തെറ്റില്ലെന്നാണ് പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ വാദം. കേന്ദ്ര നേതൃത്വത്തെ സമീപിച്ചതിന്റെ പേരിൽ സംസ്ഥാന സമിതിക്ക് തങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ അധികാരമില്ലെന്ന് എഐസിസി അംഗം ആനന്ദ് മാധവ് പ്രതികരിച്ചു.
അതേസമയം, ഡൽഹിയിലെ പാർട്ടി ആസ്ഥാനത്തിന് സമീപം നടത്തിയ പ്രതിഷേധം ഗുരുതരമായ അച്ചടക്കലംഘനമാണെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. നേരത്തെ പുറത്താക്കൽ നടപടി നേരിട്ട ഒമ്പത് കോൺഗ്രസ് നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.
രാജേഷ് റാമിനെയും കൃഷ്ണ അല്ലാവരുവിനെയും സ്ഥാനങ്ങളിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം ബിഹാറിൽ ശക്തമായി തുടരുകയാണ്. നേരത്തെ പുറത്താക്കപ്പെട്ട ഒമ്പത് നേതാക്കൾ ഉൾപ്പെടെ 47 കോൺഗ്രസ് പ്രവർത്തകർക്ക് നൽകിയ നോട്ടീസ് പിൻവലിക്കണമെന്ന ആവശ്യവും ഒരു വിഭാഗം നേതാക്കൾ ഉന്നയിക്കുന്നുണ്ട്.
തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ആരംഭിച്ച ആഭ്യന്തര തർക്കം കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് സംസ്ഥാന നേതൃത്വത്തിന്റെ പുതിയ അച്ചടക്ക നടപടി.
