Friday, September 11, 2026

മെസ്സിയുടെ പേരിൽ തട്ടിപ്പ്: 213 കോടി വായ്പയെന്ന വാദം നിലനിൽക്കില്ലെന്ന് GST പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം: മെസ്സിയുടെ പേരുമായി ബന്ധപ്പെട്ട് ഉയർന്ന തട്ടിപ്പ് ആരോപണത്തിൽ റിപ്പോർട്ടർ കമ്പനിയുടെ അക്കൗണ്ടിലെത്തിയ 213 കോടി രൂപ വായ്പയാണെന്ന വാദം നിലനിൽക്കില്ലെന്ന് ജിഎസ്ടി പ്രത്യേക അന്വേഷണ സംഘം . ഇടപാടുകളിലെ രേഖകളിലും തിരിച്ചടവ് വ്യവസ്ഥകളിലും ഗുരുതരമായ പൊരുത്തക്കേടുകളുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

ചിട്ടി സ്ഥാപനത്തിൽ നിന്ന് റിപ്പോർട്ടർ കമ്പനിക്ക് 137.15 കോടി രൂപ ലഭിച്ചതായി എസ്ഐടി കണ്ടെത്തി. എന്നാൽ ഇതിൽ 100 കോടി രൂപയുടെ ഇടപാടിന് മാത്രമാണ് റിപ്പോർട്ടർ കമ്പനിയുടെ ബോർഡ് അംഗീകാരം നൽകിയതായി രേഖകളിലുള്ളത്. ശേഷിക്കുന്ന 37.15 കോടി രൂപ എങ്ങനെയാണ് കമ്പനിയുടെ അക്കൗണ്ടിലെത്തിയതെന്ന് വ്യക്തമല്ലെന്നും എസ്ഐടി ചൂണ്ടിക്കാട്ടുന്നു.

ഇത്രയും വലിയ തുക കൈമാറുന്നതിന് ചിട്ടി കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയതായും രേഖകളില്ല. വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട വ്യവസ്ഥകളും പാലിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. വായ്പയ്ക്ക് ഈടായി നൽകിയത് ഒപ്പിട്ട ചെക്കുകൾ മാത്രമാണെന്നും എസ്ഐടി റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, മറ്റൊരു സ്വകാര്യ കമ്പനിയിൽ നിന്ന് ലഭിച്ച 75 കോടി രൂപയുടെ വായ്പയ്ക്കും അസാധാരണമായ ഇടപാടുകളാണ് കണ്ടെത്തിയിരിക്കുന്നത്. വായ്പയ്ക്ക് ഈടായി കാണിച്ച വസ്തുവിന്റെ മൂല്യം പെരുപ്പിച്ച് കാണിച്ചതായാണ് എസ്ഐടിയുടെ കണ്ടെത്തൽ.

2024ൽ തൃക്കാക്കര നോർത്ത് വില്ലേജിലെ ഈ വസ്തുവിന് 9.94 കോടി രൂപയായിരുന്നു മൂല്യം നിശ്ചയിച്ചിരുന്നത്. എന്നാൽ ഒരു വർഷത്തിനുള്ളിൽ വസ്തുവിന്റെ മൂല്യം ഏകദേശം 15 മടങ്ങ് വർധിച്ചതായി രേഖകളിൽ കാണുന്നു. 154 കോടി രൂപ മൂല്യമുള്ള വസ്തുവാണെന്ന് കാണിച്ച് 75 കോടി രൂപ വായ്പയായി സംഘടിപ്പിച്ചതായും അന്വേഷണ സംഘം കണ്ടെത്തി.

വസ്തുവിന്റെ മൂല്യം അസാധാരണമായി വർധിപ്പിച്ച് കാണിച്ചതിൽ വിശദമായ അന്വേഷണം വേണമെന്നാണ് എസ്ഐടിയുടെ ശുപാർശ. ഇക്കാര്യം രജിസ്ട്രേഷൻ വകുപ്പ് പരിശോധിക്കണമെന്നും അന്വേഷണ സംഘം നിർദേശിച്ചിട്ടുണ്ട്.

213 കോടി രൂപയുടെ ഇടപാട് വായ്പയായി അവതരിപ്പിക്കുന്നതിൽ രേഖാപരമായും സാമ്പത്തികമായും നിരവധി സംശയങ്ങൾ നിലനിൽക്കുന്നുവെന്നാണ് ജിഎസ്ടി എസ്ഐടിയുടെ കണ്ടെത്തലുകൾ വ്യക്തമാക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!