Friday, September 11, 2026

PSC നിയമന ക്രമക്കേട്: ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് അംഗങ്ങൾ

തിരുവനന്തപുരം: പിഎസ്‌സി നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പിഎസ്‌സി അംഗങ്ങൾ. ഇക്കാര്യം പ്രത്യേക അന്വേഷണ സംഘത്തെ (SIT) അറിയിച്ചു. ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയുടെ പ്രോട്ടോകോൾ ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകേണ്ടതില്ലെന്ന നിലപാട് അംഗങ്ങൾ സ്വീകരിച്ചത്.

ആസൂത്രണ ബോർഡിലെ പിഎസ്‌സി നിയമനവുമായി ബന്ധപ്പെട്ട ക്രമക്കേടിൽ രണ്ട് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മൂല്യനിർണയ ചുമതലയുണ്ടായിരുന്ന പിഎസ്‌സി മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീഷ്, അഡീഷണൽ സെക്രട്ടറി ഹരി എന്നിവർക്കെതിരെയാണ് പ്രധാനമായും കണ്ടെത്തലുകൾ.

ഇരുവർക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ശുപാർശ ചെയ്ത് എസ്ഐടി ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. പരീക്ഷാ നടത്തിപ്പിലും മൂല്യനിർണയ നടപടികളിലും ഉണ്ടായ വീഴ്ചകളാണ് അന്വേഷണ സംഘം പരിശോധിച്ചത്.

ക്രൈംബ്രാഞ്ച് ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എസ്‌പി സക്കറിയ മാത്യു, ഡിവൈഎസ്‌പി അജയ് നാഥ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്.

ആസൂത്രണ ബോർഡിലെ ചീഫ് തസ്തികകളുമായി ബന്ധപ്പെട്ട പരീക്ഷ നടത്തിപ്പിൽ പിഴവ് സംഭവിച്ചതായി പിഎസ്‌സി നേരത്തെ സമ്മതിച്ചിരുന്നു. പത്ത് ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്ന് പിഎസ്‌സി പുറത്തിറക്കിയ പത്രക്കുറിപ്പിലും വ്യക്തമാക്കിയിരുന്നു.

സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. സമഗ്രമായ അന്വേഷണം നടത്തിയില്ലെങ്കിൽ യഥാർഥ വസ്തുതകൾ പുറത്തുവരില്ലെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

പിഎസ്‌സി ഭരണഘടനാ സ്ഥാപനമാണെങ്കിലും അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണത്തിന്റെ ഭാഗമായി പിഎസ്‌സിയിലെ പരീക്ഷാ ക്രമക്കേടും ഉൾപ്പെടുത്താമെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. ഇതോടെ കേസിലെ അന്വേഷണ നടപടികൾ കൂടുതൽ നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!