Friday, September 11, 2026

ഹോർമുസിൽ US ഡ്രോൺ ആക്രമിച്ചതായി ഇറാൻ; ജോർദാനിലെ അമേരിക്കൻ താവളത്തിനും നാശനഷ്ടം

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ പ്രവേശിച്ച യുഎസിന്റെ ആളില്ലാ സമുദ്ര നിരീക്ഷണ ഡ്രോൺ ആക്രമിച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി). കടലിടുക്കിന്റെ പ്രവേശന കവാടത്തിൽവച്ചാണ് ആക്രമണം നടത്തിയതെന്നും യുഎസ് അഞ്ചാം ഫ്ലീറ്റിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്ന ഡ്രോൺ ഇറാന്റെ സുരക്ഷയ്ക്ക് ഭീഷണിയായതിനാലാണ് നടപടിയെടുത്തതെന്നും ഐആർജിസി പ്രസ്താവനയിൽ അറിയിച്ചു.

ലോകത്തിലെ പ്രധാന എണ്ണ ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് തങ്ങളുടെ പൂർണ നിയന്ത്രണത്തിലാണെന്നും അനുമതിയില്ലാതെ കടലിടുക്കിൽ പ്രവേശിക്കുന്ന ഏത് നീക്കത്തെയും ലക്ഷ്യമിടുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഐആർജിസിയുടെ അവകാശവാദത്തിൽ അമേരിക്ക ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

സൗരോർജവും കാറ്റും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇത്തരം ഡ്രോണുകൾക്ക് കടലിൽ ഒരു വർഷം വരെ തുടർച്ചയായി നിരീക്ഷണ ദൗത്യങ്ങളിൽ ഏർപ്പെടാൻ ശേഷിയുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിൽ മറ്റൊരു അമേരിക്കൻ ആളില്ലാ അന്തർവാഹിനി ഡ്രോണും പിടിച്ചെടുത്തതായി ഇറാൻ അവകാശപ്പെട്ടിരുന്നു. എന്നാൽ സാങ്കേതിക തകരാറിനെ തുടർന്ന് ഡ്രോൺ പ്രവർത്തനരഹിതമായതാണെന്നാണ് യുഎസ് സൈന്യത്തിന്റെ വിശദീകരണം.

ജോർദാനിലെ യുഎസ് താവളത്തിനും കേടുപാടുകൾ

അതിനിടെ, ജോർദാനിലെ മുവാഫഖ് സൽതി വ്യോമതാവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട്. അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ആക്രമണത്തിൽ ഒരു A-10 തണ്ടർബോൾട്ട് II വിമാനത്തിന്റെ ചിറകിന് കേടുപാടുകൾ സംഭവിച്ചതായും എട്ടോളം F-15 യുദ്ധവിമാനങ്ങൾക്ക് നാശനഷ്ടമുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.

ഫെബ്രുവരിയിൽ അമേരിക്ക-ഇറാൻ സംഘർഷം ആരംഭിച്ചതിന് ശേഷം 18 യുഎസ് സൈനികർ കൊല്ലപ്പെടുകയും 800ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. അതേസമയം, ഇറാനിൽ അമേരിക്ക നടത്തിയ ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിന് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

എണ്ണവിലയിൽ കുതിപ്പ്

ഹോർമുസിന് പിന്നാലെ ചെങ്കടലിലെ പ്രധാന കപ്പൽപാതയായ ബാബ് അൽ മന്ദബിലും സംഘർഷം രൂക്ഷമായതോടെ ആഗോള എണ്ണവില കുതിച്ചു. എണ്ണവില ഏഴ് ശതമാനം ഉയർന്ന് ബാരലിന് 108 ഡോളറിലെത്തി.

സംഘർഷം ലഘൂകരിക്കാനുള്ള നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി സൗദി അറേബ്യയുടെയും ഇറാന്റെയും വിദേശകാര്യ മന്ത്രിമാർ ടെലിഫോണിലൂടെ ചർച്ച നടത്തി. ഹോർമുസ് കടലിടുക്കിലെയും ചെങ്കടലിലെയും സംഘർഷം ആഗോള ഊർജവിപണിയിലും കപ്പൽഗതാഗതത്തിലും കൂടുതൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്കയ്ക്കിടെയാണ് നയതന്ത്ര ഇടപെടലുകൾ ശക്തമാകുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!