ബെളഗാവി:കുടുംബസ്വത്തിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ മുൻ സൈനികനെയും മകളെയും പഞ്ചായത്ത് ഓഫീസിന് മുമ്പിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തി ബന്ധുക്കൾ. കർണാടകയിലെ ബെളഗാവി ജില്ലയിലാണ് സംഭവം. ധാർവാഡ് സാത്തൂർ സ്വദേശിയായ രുദ്രപ്പ കുന്ദരഗി (67), മകൾ ശശികല കുന്ദരഗി (26) എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് രുദ്രപ്പയുടെ സഹോദരങ്ങളായ സംഗപ്പ കുന്ദരഗി, ബസപ്പ കുന്ദരഗി, ബസപ്പയുടെ മകൻ മടിവാളപ്പ കുന്ദരഗി എന്നിവർക്കായി പൊലീസ് അന്വേഷണം ശക്തമാക്കി.
കിത്തൂർ താലൂക്കിലെ അവരാഡി ഗ്രാമപഞ്ചായത്ത് കെട്ടിടത്തിലാണ് ആക്രമണം നടന്നത്. സ്വത്തുമായി ബന്ധപ്പെട്ട ആവശ്യത്തിനായി രുദ്രപ്പയും മകൾ ശശികലയും പഞ്ചായത്ത് ഓഫീസിലെത്തിയപ്പോഴാണ് സംഭവം. ഇതിനിടെ പ്രതികളെന്ന് സംശയിക്കുന്നവർ കൊടുവാളുമായി ആക്രമിച്ചതായാണ് പൊലീസ് പറയുന്നത്.

രുദ്രപ്പയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ശശികലയ്ക്കും വെട്ടേറ്റു. തുടർന്ന് ശശികലയുടെ തലയ്ക്ക് കല്ലുകൊണ്ട് അടിച്ചതായും പൊലീസ് പറഞ്ഞു. ആക്രമണത്തിൽ രുദ്രപ്പയുടെ ഡ്രൈവർക്കും സുഹൃത്തിനും പരുക്കേറ്റിട്ടുണ്ട്.
സംഭവസ്ഥലത്തുണ്ടായിരുന്നവർ ആക്രമണത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതായും ഇത് അന്വേഷണത്തിൽ പ്രധാന തെളിവാകുമെന്നും പൊലീസ് അറിയിച്ചു.
രുദ്രപ്പയും ബന്ധുക്കളും തമ്മിൽ ഏറെക്കാലമായി സ്വത്തുമായി ബന്ധപ്പെട്ട തർക്കം നിലനിന്നിരുന്നതായാണ് പൊലീസ് പറയുന്നത്. തനിക്ക് ലഭിച്ചിരുന്ന സ്വത്തിന്റെ ഒരു ഭാഗം വിറ്റിരുന്നെങ്കിലും ശേഷിക്കുന്ന സ്വത്തിലും അവകാശമുണ്ടെന്ന് രുദ്രപ്പ വാദിച്ചിരുന്നു. കോടതി ഉത്തരവിലൂടെ ഈ സ്വത്തുക്കൾ രുദ്രപ്പ സ്വന്തമാക്കിയതായും റിപ്പോർട്ടുണ്ട്.
ഇതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. അന്വേഷണം പുരോഗമിക്കുകയാണ്.
