വാഷിങ്ടണ്‍: കാനഡയില്‍ നിന്നുളള മൊളാസസ് ഇറക്കുമതിക്ക് നിരോധം ഏര്‍പ്പെടുത്തി അമേരിക്ക. സെപ്റ്റംബര്‍ 29 മുതലാണ് മൊളാസസ് നിരോധനം പ്രാബല്യത്തില്‍ വരുന്നത്. മദ്യ ഉല്‍പ്പന്നങ്ങള്‍, മോട്ടോര്‍ സൈക്കിളുകള്‍, ചില ക്ഷീര ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കൊപ്പമാണ് മൊളാസസിനും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കനേഡിയന്‍ കമ്പനികള്‍ പഞ്ചസാരയും മൊളാസസും വെള്ളവും ചേര്‍ത്ത മിശ്രിതങ്ങള്‍ ‘മൊളാസസ്’ എന്ന പേരില്‍ അമേരിക്കയിലേക്ക് കടത്തി നികുതി വെട്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന് യുഎസിലെ ഷുഗര്‍ ലോബികള്‍ (American Sugar Alliance) ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് യുഎസ് കടുത്ത നടപടിയിലേക്ക് നീങ്ങിയത്.

എന്നാല്‍ ഒന്റാരിയോയിലെ ഹാമില്ട്ടണ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘സുക്രോ കാന്‍ സോഴ്സിംഗ്’ (Sucro Can Sourcing) എന്ന പ്രമുഖ കമ്പനി ഈ ആരോപണങ്ങളെ ശക്തമായി എതിര്‍ത്തു. യു.എസ് പഞ്ചസാര ലോബി മനഃപൂര്‍വ്വം നടത്തുന്ന വ്യാജപ്രചാരണമാണിതെന്ന് കമ്പനി ചെയര്മാന് ഡോണ്‍ ഹില്‍ ആരോപിച്ചു. അതിര്‍ത്തിയിലെ പരിശോധനാ റിപ്പോര്‍ട്ടുകളില്‍ വ്യക്തമായ തെളിവുകളില്ലെന്നും, വിപണിയിലെ കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദം കാരണം യു.എസിലേക്കുള്ള മൊളാസസ് കയറ്റുമതി തങ്ങള്‍ ഇതിനകം തന്നെ അവസാനിപ്പിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.
