എറണാകുളം: സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ട കേസുമായി നടി മഞ്ജു വാര്യര്‍. എറണാകുളം മുന്‍സിഫ് കോടതിയിലാണ് മഞ്ജു വാര്യര്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടിക്ക് എതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്നത് കോടതി താത്ക്കാലികമായി വിലക്കി.
കേസില്‍ സനല്‍ കുമാര്‍ ശശിധരനാണ് ഒന്നാം പ്രതി. മാധ്യമപ്രവര്‍ത്തകന്‍ ഷാജന്‍ സ്‌കറിയ രണ്ടാം പ്രതിയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ മെറ്റയെ മൂന്നാം പ്രതിയുമാക്കിയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. അഭിഭാഷകയും നടിയുമായ ശാന്തി മായാദേവി വഴിയാണ് മഞ്ജു ഹര്‍ജി നല്‍കിയത്. കേസില്‍ ഈ മാസം 30ന് ഹാജരാകാന്‍ പ്രതികള്‍ക്ക് കോടതി നോട്ടീസ് അയച്ചു. കൂടാതെ അപകീര്‍ത്തികരമായ സമൂഹ മാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതിനായി മെറ്റയ്ക്കും കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്.

തനിക്കെതിരെ നിരന്തരം അസത്യ പ്രചാരണങ്ങളും അധിക്ഷേപങ്ങളും നടത്തുന്നുവെന്നാണ് മഞ്ജു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. മഞ്ജു വാര്യര്‍ ചിലരുടെ നിയന്ത്രണത്തിലാണെന്ന ആരോപണങ്ങള്‍ സനല്‍ കുമാര്‍ സോഷ്യല്‍ മീഡിയയിലൂടെയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും ഉന്നയിച്ചിരുന്നു. ഇതില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇയാള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരവും നടത്തിയിരുന്നു.
അവാസ്തവവും യുക്തിരഹിതവുമായ ഇത്തരം വാദമുഖങ്ങള്‍ പ്രചരിപ്പിക്കാന്‍ അവസരം നല്‍കിയ ഓണ്‍ലൈന്‍ മാധ്യമങ്ങളും നടപടി നേരിടേണ്ടി വരുമെന്ന് ശാന്തി മായാദേവി മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ നിയമപരമായി നീങ്ങുക മാത്രമാണ് വഴി എന്നും അവര്‍ വ്യക്തമാക്കി.
