Wednesday, September 30, 2026

വയോധികരെ ലക്ഷ്യമിട്ട് ആസൂത്രിത മോഷണം; പീൽ മേഖലയിൽ കേസുകൾ കുത്തനെ ഉയർന്നു

ടൊറന്റോ: പീൽ മേഖലയിൽ ആളുകളുടെ ശ്രദ്ധ തിരിച്ച് നടത്തുന്ന മോഷണങ്ങൾ വർധിക്കുന്നതായി പീൽ റീജനൽ പൊലീസ്. ഈ വർഷം ഇതുവരെ ഇത്തരത്തിലുള്ള 266 കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. 2024ൽ ആകെ 25 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരുന്നത്.

ഇത്തരം കേസുകളിൽ 77 ശതമാനവും സ്വർണാഭരണങ്ങളുമായി ബന്ധപ്പെട്ടതാണ്. റിപ്പോർട്ട് ചെയ്ത സംഭവങ്ങളിൽ ഏകദേശം 85 ശതമാനവും ഉച്ചയ്ക്ക് 12നും വൈകിട്ട് 4നും ഇടയിലാണ് നടന്നതെന്നും പൊലീസ് വ്യക്തമാക്കി.

78കാരിയുടെ ആഭരണങ്ങൾ കവർന്ന സംഭവം

ജൂലൈ 28ന് ബ്രാംപ്ടണിലെ ചിംഗ്വാകൂസി റോഡിനും സാൻഡൽവുഡ് പാർക്ക്‌വേ വെസ്റ്റിനും സമീപം നടക്കുകയായിരുന്ന 78കാരിയെയാണ് രണ്ടുപേർ ചേർന്ന് ലക്ഷ്യമിട്ടതെന്ന് പൊലീസ് പറഞ്ഞു.

വെള്ള നിറത്തിലുള്ള എസ്‌യുവിയിലെത്തിയ രണ്ട് സ്ത്രീകളിൽ ഒരാൾ വാഹനത്തിൽനിന്ന് പുറത്തിറങ്ങി വയോധികയുടെ കാലിൽ സ്പർശിക്കുകയും പിന്നീട് ആലിംഗനം ചെയ്യുകയും ചെയ്തതായി പൊലീസ് പറയുന്നു. ഇതിനിടെ ഇവർ ധരിച്ചിരുന്ന സ്വർണമാല മാറ്റി പകരം ലോഹമാല വെച്ചെന്നും കൈകളിലുണ്ടായിരുന്ന മൂന്ന് സ്വർണവളകൾ അപഹരിച്ചെന്നും പൊലീസ് വ്യക്തമാക്കി.മോഷണം പോയ ആഭരണങ്ങൾക്ക് ഏകദേശം 19,000 ഡോളർ വിലവരുന്നതായാണ് പൊലീസ് കണക്ക്.

സംഭവത്തിന് പിന്നാലെ വയോധിക മാനസികമായി ഏറെ തളർന്നെന്നും പതിവായി നടത്തിയിരുന്ന റോഡിലൂടെയുള്ള നടത്തം നിർത്തിയെന്നും മകൻ രാഘവേന്ദ്ര കുമാർ പറഞ്ഞു. ആഭരണങ്ങളിൽ ചിലത് അന്തരിച്ച സ്വർണപ്പണിക്കാരനായിരുന്ന പിതാവ് നിർമിച്ചവയായതിനാൽ അവയ്ക്ക് കുടുംബപരമായ പ്രത്യേക മൂല്യമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

സൗഹൃദപരമായ പെരുമാറ്റം ഉപയോഗിച്ച് കവർച്ച

ആളുകളുടെ ശ്രദ്ധ തിരിക്കുകയാണ് ഇത്തരം മോഷണങ്ങളുടെ പ്രധാന രീതിയെന്ന് പൊലീസ് വ്യക്തമാക്കി. വഴിയറിയാൻ ചോദിക്കുക, സമ്മാനങ്ങൾ നൽകാമെന്ന് പറയുക, സൗഹൃദപരമായി സംഭാഷണം ആരംഭിക്കുക തുടങ്ങിയ രീതികളിലൂടെ പ്രതികൾ ഇരകളുടെ വിശ്വാസം നേടിയെടുക്കാൻ ശ്രമിക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു.

ഒറ്റയ്ക്ക് കഴിയുന്ന മുതിർന്നവരെയാണ് പലപ്പോഴും ലക്ഷ്യമിടുന്നത്. സംഭവങ്ങൾ ഏതാനും സെക്കൻഡുകൾക്കുള്ളിൽ നടക്കുന്നതിനാൽ സംശയം തോന്നിയാൽ അകലം പാലിക്കണമെന്നും സ്വന്തം സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും പൊലീസ് നിർദേശിച്ചു.

പീൽ മേഖലയിലെ ഇത്തരം മോഷണങ്ങൾക്ക് ഗ്രേറ്റർ ടൊറന്റോ മേഖലയിലെ മറ്റ് സമാന സംഭവങ്ങളുമായി ബന്ധമുണ്ടോയെന്നും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. വിവരങ്ങൾ ലഭിക്കുന്നവർ പീൽ പൊലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ നിർദേശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!