പത്തനംതിട്ട: ശബരിമലയിലെ കടമുറികളുടെ ഇ-ടെൻഡർ വിവരങ്ങൾ ചോർന്ന സംഭവത്തിൽ ഹെഡ് ക്ലർക്കിനെ സസ്പെൻഡ് ചെയ്തു. പി.ആർ. റെജിമോനെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തത്.
ദേവസ്വം ബോർഡ് വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. റിപ്പോർട്ട് പരിഗണിച്ച് ചേർന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗത്തിലാണ് സസ്പെൻഷൻ തീരുമാനിച്ചതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു.

വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ റെജിമോന്റെ ഫോണിൽ നിന്നാണ് ടെൻഡർ വിവരങ്ങൾ ചോർന്നതെന്നാണ് കണ്ടെത്തൽ. സെപ്റ്റംബർ 28ന് നടത്താനിരുന്ന 110 കടമുറികളുടെ ലേലവുമായി ബന്ധപ്പെട്ട ടെൻഡർ വിവരങ്ങളാണ് ചോർന്നത്.
സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. ടെൻഡർ വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട ദേവസ്വം വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
