Wednesday, September 30, 2026

ട്രംപിന്റെ പേരുമാറ്റത്തിൽ പ്രതിഷേധം; ‘ലേക്ക് ഒന്റാരിയോ’ പേരിൽ ചോക്ലേറ്റും വസ്ത്രങ്ങളും

ടൊറന്റോ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ‘ലേക്ക് ഒന്റാരിയോ’യെ ‘ലേക്ക് അമേരിക്ക’ എന്ന് പുനർനാമകരണം ചെയ്തതിനു പിന്നാലെ വ്യത്യസ്ത രീതിയിൽ പ്രതികരിച്ച് കനേഡിയൻ കമ്പനികൾ. കാനഡയുടെ പ്രാദേശിക അഭിമാനവും ലേക്ക് ഒന്റാരിയോയുമായുള്ള ബന്ധവും ഉയർത്തിക്കാട്ടുന്ന ചോക്ലേറ്റുകൾ, വസ്ത്രങ്ങൾ, ലെതർ ഉൽപ്പന്നങ്ങൾ തുടങ്ങിയവയാണ് കമ്പനികൾ പുറത്തിറക്കുന്നത്.

സിറിയൻ അഭയാർഥിയായി 2016ൽ കാനഡയിലെത്തിയ താരിഖ് ഹദാദ് കുടുംബത്തോടൊപ്പം ആരംഭിച്ച ‘Peace by Chocolate’ ആണ് ‘ലേക്ക് ഒന്റാരിയോ’ എന്ന പേരിലുള്ള പ്രത്യേക ചോക്ലേറ്റ് ബാർ പുറത്തിറക്കിയത്. 92 ഗ്രാം ഭാരമുള്ള മിൽക്ക് ചോക്ലേറ്റിലും മേപ്പിൾ ക്രീമിലും നിർമ്മിച്ച ബാറിന്റെ പാക്കേജിൽ കനേഡിയൻ പതാകയും ലേക്ക് ഒന്റാരിയോയുടെ പേരും പ്രദേശത്തിന്റെ തദ്ദേശീയ ചരിത്രവുമായി ബന്ധപ്പെട്ട വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

പുതിയ ചോക്ലേറ്റ് പുറത്തിറക്കി ഒരു ദിവസത്തിനുള്ളിൽ തന്നെ വലിയ പ്രതികരണം ലഭിച്ചതായി കമ്പനി അറിയിച്ചു. ഉൽപ്പന്നം കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന അഞ്ച് ചോക്ലേറ്റുകളിൽ ഒന്നായി മാറിയതായും റിപ്പോർട്ടുണ്ട്.

‘ലേക്ക് ഒന്റാരിയോ’ പേരിൽ ലെതർ ഉൽപ്പന്നങ്ങളും

ഒന്റാരിയോയിലെ റോക്ക്വുഡിലുള്ള ‘Hides in Hand‘ എന്ന ലെതർ ഉൽപ്പന്ന സ്ഥാപനവും ലേക്ക് ഒന്റാരിയോയുടെ ആകൃതിയും പേരും ആലേഖനം ചെയ്ത കോയിൻ പേഴ്സുകൾ പുറത്തിറക്കി. ചുവപ്പും നീലയും നിറങ്ങളിലുള്ള പേഴ്സുകൾ കാനഡയിൽ നിന്നുള്ള ഘടകങ്ങൾ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്.

ഉൽപ്പന്നത്തിന് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സ്ഥാപന ഉടമ തെരേസ പോൾ പറഞ്ഞു. ട്രംപിന്റെ പുനർനാമകരണ തീരുമാനം തന്നെ പ്രതികരിക്കാൻ പ്രേരിപ്പിച്ചതായും അവർ വ്യക്തമാക്കി.

‘ലേക്ക് ഒന്റാരിയോ’ സ്വെറ്റ്‌ഷർട്ടിനും ആവശ്യക്കാർ

ടൊറന്റോ ആസ്ഥാനമായ ‘Province of Canada‘യും വിഷയത്തിൽ പ്രതികരിച്ചു. ‘Lake Ontario’ എന്ന് ആലേഖനം ചെയ്ത ഗ്രേ നിറത്തിലുള്ള ഫ്ലീസ് സ്വെറ്റ്‌ഷർട്ട് കമ്പനി പുറത്തിറക്കി. ഓരോ വിൽപ്പനയിലും 15 ശതമാനം തുക തദ്ദേശീയ വിദ്യാഭ്യാസ ചാരിറ്റിയായ Indspireന് നൽകുന്ന രീതിയിലാണ് ഉൽപ്പന്നം അവതരിപ്പിച്ചത്.

ആദ്യ ബാച്ച് വളരെ വേഗത്തിൽ വിറ്റുതീർന്നതിനെ തുടർന്ന് കമ്പനി കൂടുതൽ ഉൽപ്പന്നങ്ങൾ പുറത്തിറക്കി. ‘ലേക്ക് ഒന്റാരിയോ’ സ്വെറ്റ്‌ഷർട്ട് കമ്പനിയുടെ ജനപ്രിയ ഉൽപ്പന്നങ്ങളിൽ ഒന്നായി തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

ട്രംപിന്റെ തീരുമാനത്തോടുള്ള പ്രതികരണം രാഷ്ട്രീയ പ്രതിഷേധം എന്നതിലുപരി കാനഡയുമായും ഒന്റാരിയോയുമായുമുള്ള തങ്ങളുടെ ബന്ധം പ്രകടിപ്പിക്കുന്നതിനുള്ള മാർഗമായാണ് പല കമ്പനികളും അവതരിപ്പിക്കുന്നത്. ലേക്ക് ഒന്റാരിയോയെ ചുറ്റിപ്പറ്റിയുള്ള ഉൽപ്പന്നങ്ങൾക്ക് കാനഡയിൽ ഇപ്പോഴും കൂടുതൽ ആവശ്യകതയുണ്ടെന്നാണ് കമ്പനികളുടെ പ്രതികരണം സൂചിപ്പിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!