തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ സംഘര്‍ഷങ്ങളുടെയും പാര്‍ട്ടി ഓഫീസുകള്‍ക്കുനേരെയുള്ള ആക്രമണങ്ങളുടെയും പശ്ചാത്തലത്തില്‍ എകെജി സെന്റര്‍, ഡിവൈഎഫ്ഐ ഓഫീസ്, ഡിസിസി ഓഫീസ്, മാരാര്‍ജി ഭവന് തുടങ്ങി തിരുവനന്തപുരം ജില്ലയിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടി ഓഫീസുകളുടെ സുരക്ഷയും പൊലീസ് നിരീക്ഷണവും ശക്തമാക്കി.
അതേസമയം എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി എസ്എഫ്ഐ പഠിപ്പ് മുടക്കും. ഇതിനുപുറമെ ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലേക്കും തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് സെക്രട്ടേറിയറ്റിലേക്കും (ഉച്ചയ്ക്ക് 12 മണിക്ക്) എസ്എഫ്ഐ മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ഇന്നത്തെ പ്രതിഷേധത്തിന് ബിജെപിയും ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇന്നലെ തലസ്ഥാനത്ത് നടന്ന അക്രമസംഭവങ്ങളില്‍ കണ്ടാലറിയാവുന്ന യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി മ്യൂസിയം പൊലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് കമ്മിഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ നൈറ്റ് മാര്‍ച്ചിനിടെ കേരള യൂണിവേഴ്സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും ബിയര്‍ കുപ്പികളും എറിഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹോസ്റ്റലിലേക്ക് തീപ്പന്തം എറിഞ്ഞതാണ് പ്രകോപനത്തിന് വഴിവെച്ചതെന്ന് എസ്എഫ്ഐയും ആരോപിച്ചു.
