ഓട്ടവ : കൺസർവേറ്റീവ് പാർട്ടി എംപിയായ സ്കോട്ട് ഐച്ചിസൺ പാർലമെന്റിലെ തന്റെ സീറ്റ് രാജിവെക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചു. ഒന്റാരിയോയിലെ പാരി സൗണ്ട്–മസ്‌കോക (Parry Sound–Muskoka) മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഐച്ചിസൺ നിലവിലെ ഫാൾ പാർലമെന്ററി സമ്മേളനം അവസാനിച്ചതിന് ശേഷമായിരിക്കും എംപി സ്ഥാനം ഒഴിയുക. 30 വർഷത്തെ പൊതുപ്രവർത്തന ജീവിതത്തിന് ശേഷം പുതിയ അവസരങ്ങൾ തേടുന്നതിനായാണ് രാഷ്ട്രീയ ജീവിതത്തിൽ നിന്ന് പിന്മാറുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ബുധനാഴ്ച മണ്ഡലത്തിലെ ജനങ്ങൾക്ക് നൽകിയ കത്തിലാണ് ഐച്ചിസൺ രാജി തീരുമാനം അറിയിച്ചത്. 21-ാം വയസ്സിൽ ഹണ്ട്സ്‌വിൽ ടൗൺ കൗൺസിലിലും മസ്‌കോക ജില്ലാ കൗൺസിലിലും പ്രവർത്തനം ആരംഭിച്ച അദ്ദേഹം പിന്നീട് ഹണ്ട്സ്‌വിൽ മേയറായും സേവനമനുഷ്ഠിച്ചു. 2019-ലാണ് ഫെഡറൽ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2022-ൽ കൺസർവേറ്റീവ് പാർട്ടി നേതൃത്വ മത്സരത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു.
മണ്ഡലത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കാൻ കഴിഞ്ഞത് തന്റെ ജീവിതത്തിലെ വലിയ ബഹുമതിയായിരുന്നുവെന്ന് ഐച്ചിസൺ രാജിക്കത്തിൽ പറഞ്ഞു. തന്റെ ജീവനക്കാർക്കും മണ്ഡലത്തിലെ വോട്ടർമാർക്കും കൺസർവേറ്റീവ് സഹപ്രവർത്തകർക്കും അദ്ദേഹം നന്ദി അറിയിച്ചു. രാജിയുടെ പ്രത്യേക കാരണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല; പകരം, 30 വർഷത്തെ പൊതുജീവിതത്തിന് ശേഷം പുതിയ അധ്യായത്തിലേക്ക് കടക്കാനും പുതിയ അവസരങ്ങൾ തേടാനുമാണ് തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു.

ഐച്ചിസന്റെ രാജി കൺസർവേറ്റീവ് പാർലമെന്ററി സംഘത്തിലെ തുടർച്ചയായ മാറ്റങ്ങളുടെ ഭാഗമായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ജനുവരി മുതൽ പാർലമെന്റിൽ നിന്ന് രാജിവെക്കുന്ന 12-ാമത്തെ എംപിയായിരിക്കും അദ്ദേഹം. 2025ലെ തിരഞ്ഞെടുപ്പിന് ശേഷം പിയർ പൊളിയേവിൻ്റെ നേതൃത്വത്തിലുള്ള കൺസർവേറ്റീവ് കൗക്കസിൽ നിന്ന് പുറത്തുപോകുന്ന എട്ടാമത്തെ എംപിയുമായിരിക്കും ഐച്ചിസൺ എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഐച്ചിസന്റെ രാജി തീരുമാനത്തോട് പ്രതികരിച്ച് കൺസർവേറ്റീവ് നേതാവ് പിയർ പൊളിയേവ് അദ്ദേഹത്തിന്റെ പൊതുസേവനത്തിന് നന്ദി അറിയിച്ചു. പാരി സൗണ്ട്–മസ്‌കോക മണ്ഡലത്തിലെ ജനങ്ങൾക്കായി ഐച്ചിസൺ നടത്തിയ പ്രവർത്തനങ്ങളെയും ഹൗസിങ്, ഭക്ഷ്യസുരക്ഷ, മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രാദേശിക വിഷയങ്ങളിലെ ഇടപെടലുകളെയും പൊയിലീവർ പരാമർശിച്ചു.

ഐച്ചിസൺ സീറ്റ് ഒഴിയുന്നതോടെ പാരി സൗണ്ട്–മസ്‌കോക മണ്ഡലത്തിൽ ഒഴിവ് ഉണ്ടാകും. നിലവിൽ ഹൗസ് ഓഫ് കോമൺസിൽ ആറ് സീറ്റുകൾ ഒഴിവാണെന്നും അവയ്ക്കായി ഉപതിരഞ്ഞെടുപ്പ് ആവശ്യമായിരിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
