Thursday, October 1, 2026

‘പസഫിക് ലിങ്ക്’ പൈപ്പ്‌ലൈൻ പദ്ധതി: കാനഡയുടെ ഊർജ്ജ മേഖലയ്ക്ക് നിർണായക നേട്ടമെന്ന് ആൽബർട്ട പ്രീമിയർ

ഓട്ടവ: കാനഡയുടെ ഊർജ്ജ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ‘പസഫിക് ലിങ്ക്’ പൈപ്പ്‌ലൈൻ പദ്ധതിയുടെ (Pacific Link Pipeline) അനുമതി നടപടികൾ കേന്ദ്ര സർക്കാർ അതിവേഗത്തിലാക്കുന്നു. പദ്ധതിയെ ദേശീയ പ്രാധാന്യമുള്ള പദ്ധതിയായി (Project of National Interest – PONI) കനേഡിയൻ സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോടെ വർഷങ്ങളെടുക്കുന്ന സുദീർഘമായ റഗുലേറ്ററി പരിശോധനകൾ ഒഴിവാക്കി അതിവേഗം അനുമതി ലഭ്യമാക്കാൻ വഴിതുറന്നു. ഇത് കാനഡയുടെ സാമ്പത്തിക-ഊർജ്ജ മേഖലകളിൽ വലിയൊരു മുന്നേറ്റമാണെന്ന് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് വ്യക്തമാക്കി.

പുതിയ ‘ബിൽഡിങ് കാനഡ ആക്ട്’ പ്രകാരം കാനഡയിലെ മേജർ പ്രോജക്ട്സ് ഓഫീസ് (MPO) ഒരു വർഷത്തിനുള്ളിൽ പദ്ധതിക്ക് ആവശ്യമായ നിർണായക അനുമതി പത്രങ്ങൾ ലഭ്യമാക്കും. 2027 സെപ്റ്റംബർ 1-ഓടെ പൈപ്പ്‌ലൈൻ നിർമ്മാണത്തിനുള്ള അന്തിമ അനുമതികൾ സ്വന്തമാക്കി പദ്ധതി ആരംഭിക്കുക എന്നതാണ് കനേഡിയൻ സർക്കാരിന്റെയും ആൽബർട്ട പ്രവിശ്യയുടെയും ലക്ഷ്യം.

പ്രതിദിനം 10 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ; ലക്ഷ്യം ആഗോള വിപണി

കാനഡയിലെ ആൽബർട്ടയിൽ നിന്നും പസഫിക് തീരം വഴി അന്താരാഷ്ട്ര വിപണികളിലേക്ക് എണ്ണ എത്തിക്കുന്നതാണ് ഈ പദ്ധതി. പ്രതിദിനം 1 മില്യൺ ബാരൽ ക്രൂഡ് ഓയിൽ പസഫിക് തീരത്തേക്ക് എത്തിക്കാൻ ഈ പൈപ്പ്‌ലൈന് ശേഷിയുണ്ടാകും.

നിലവിൽ കാനഡയുടെ 90 ശതമാനത്തിലധികം എണ്ണ കയറ്റുമതിയും അമേരിക്കയിലേക്കാണ് നടക്കുന്നത്. എന്നാൽ പസഫിക് ലിങ്ക് പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഏഷ്യാ-പസഫിക് ഉൾപ്പെടെയുള്ള ആഗോള വിപണികളിലേക്ക് കാനഡയ്ക്ക് നേരിട്ട് എണ്ണ എത്തിക്കാനും വലിയ സാമ്പത്തിക നേട്ടം കൊയ്യാനും സാധിക്കും.

സാമ്പത്തിക നേട്ടവും വൻ തൊഴിലവസരങ്ങളും

ഈ പദ്ധതിയിലൂടെ കാനഡയുടെ സമ്പദ്‌വ്യവസ്ഥയിലേക്ക് പ്രതിവർഷം 20 ബില്യൺ ഡോളറിലധികം കൂട്ടിച്ചേർക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്. നിർമ്മാണ വേളയിൽ മാത്രം 1,40,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.
ഫെഡറൽ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ട്രാൻസ് മൗണ്ടൻ കോർപ്പറേഷൻ, ആൽബർട്ട പെട്രോളിയം മാർക്കറ്റിങ് കമ്മീഷൻ, പെംബിന പൈപ്പ്‌ലൈൻ കോർപ്പറേഷൻ എന്നിവ സംയുക്തമായാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. പ്രാദേശിക തദ്ദേശീയ വിഭാഗങ്ങൾക്ക് (Indigenous Communities) പദ്ധതിയിൽ കുറഞ്ഞത് 10 ശതമാനം ഉടമസ്ഥതാ ഓഹരി പങ്കാളിത്തം ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!