ടൊറന്റോ: പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെടുന്നവർക്ക് പരോൾ ലഭിക്കുന്നതിനുള്ള കാലാവധി 25ൽ നിന്ന് 30 വർഷമാക്കണമെന്ന് ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് പ്രധാനമന്ത്രി മാർക്ക് കാർണിയോട് ആവശ്യപ്പെട്ടു.
പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ അക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ക്രിമിനൽ നിയമത്തിൽ മാറ്റങ്ങൾ വരുത്തണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുക, അറസ്റ്റ് തടയുക തുടങ്ങിയ കുറ്റങ്ങൾക്ക് കുറഞ്ഞത് ആറ് മാസത്തെ നിർബന്ധിത ശിക്ഷ ഏർപ്പെടുത്തണമെന്നും ഫോർഡ് ആവശ്യപ്പെട്ടു.

ആളുകൾ വീട്ടിൽ അതിക്രമിച്ച് കയറി അക്രമം നടത്തുന്ന (violent home invasion) കേസുകളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്ക് ജീവപര്യന്തം വരെ തടവ് ശിക്ഷ നൽകാൻ നിയമം അനുവദിക്കണമെന്നാണ് ഡഗ് ഫോർഡിന്റെ ആവശ്യം. ഒരേ സംഭവത്തിലെ ഒന്നിലധികം കുറ്റങ്ങൾക്ക് ശിക്ഷകൾ തുടർച്ചയായി അനുഭവിക്കാനുള്ള വ്യവസ്ഥ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൂടാതെ, നിയമപാലകർക്കെതിരായ ഭീഷണികളുമായി ബന്ധപ്പെട്ട എൻക്രിപ്റ്റ് ചെയ്ത ആശയവിനിമയങ്ങൾ കോടതിയുടെ അനുമതിയോടെ പരിശോധിക്കാൻ അനുവദിക്കണമെന്നും ഫോർഡ് ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം ബെൽവില്ലയിൽ സിനഗോഗിന് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് നേരെയുണ്ടായ വെടിവെപ്പ് ഉൾപ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശങ്ങൾ.
