Thursday, October 1, 2026

‘നിയമനങ്ങൾ UDFന്‍റെ ഏകകണ്ഠമായ തീരുമാനം’; അടൂർ പ്രകാശിനെ തള്ളി മന്ത്രി K മുരളീധരൻ

തിരുവനന്തപുരം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ തള്ളി മന്ത്രി കെ. മുരളീധരൻ. കാബിനറ്റ് പദവി ഉൾപ്പെടെയുള്ള നിയമനങ്ങൾ യുഡിഎഫിന്റെ ഏകകണ്ഠമായ തീരുമാനമാണെന്ന് മുരളീധരൻ പറഞ്ഞു. യുഡിഎഫ് യോഗം വിളിച്ചുചേർക്കുന്നതിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

എം.കെ. മുനീറിനെ കാബിനറ്റ് പദവിയിലേക്ക് നിയമിച്ചത് മുന്നണിയുടെ പൊതുവായ തീരുമാനപ്രകാരമാണെന്ന് മുരളീധരൻ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആരോഗ്യപ്രശ്നങ്ങൾ കാരണം മത്സരിക്കാൻ കഴിയാതിരുന്ന മുനീറിന് നിലവിൽ ചുമതലകൾ നിർവഹിക്കാനുള്ള ആരോഗ്യമുണ്ടെന്നും അദ്ദേഹത്തിന്റെ സേവനം സംസ്ഥാനത്തിന് പ്രയോജനപ്പെടുത്തുന്നതിനായാണ് നിയമിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ജി. ദേവരാജനെ ഡൽഹിയിലെ കേരളത്തിന്റെ പ്രതിനിധിയായി നിയമിച്ചതും മുന്നണിയുടെ തീരുമാനമാണെന്ന് മുരളീധരൻ പറഞ്ഞു. ദീർഘകാലം എൽഡിഎഫിനൊപ്പം പ്രവർത്തിച്ചശേഷം യുഡിഎഫിലെത്തിയ ദേവരാജന് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും മത്സരിക്കാൻ അവസരം ലഭിച്ചിരുന്നില്ലെന്നും ഡൽഹിയിലെ അദ്ദേഹത്തിന്റെ ബന്ധങ്ങൾ കേരളത്തിന് പ്രയോജനപ്പെടുത്തുന്നതിനാണ് പുതിയ ചുമതല നൽകിയതെന്നും മന്ത്രി വിശദീകരിച്ചു.

നിയമനങ്ങളുമായി ബന്ധപ്പെട്ട് ചില പോരായ്മകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അവ പരിഹരിക്കുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. എഐസിസിയെ അതൃപ്തി അറിയിക്കാൻ എല്ലാ കോൺഗ്രസ് പ്രവർത്തകർക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാബിനറ്റ് പദവി ഉൾപ്പെടെയുള്ള തീരുമാനങ്ങൾ താൻ മുൻകൂട്ടി അറിഞ്ഞില്ലെന്നും യുഡിഎഫ് യോഗങ്ങൾ ചേരാത്തതിനാൽ പല വിഷയങ്ങളും ചർച്ച ചെയ്യാൻ കഴിയുന്നില്ലെന്നും അടൂർ പ്രകാശ് നേരത്തെ വ്യക്തമാക്കിയിരുന്നു. യുഡിഎഫ് ചെയർമാനായ മുഖ്യമന്ത്രി യോഗം വിളിക്കാൻ മുൻകൈ എടുക്കുന്നില്ലെന്നും ഇക്കാര്യത്തിലുള്ള അതൃപ്തി ഹൈക്കമാൻഡിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് വിശദീകരണവുമായി കെ. മുരളീധരൻ രംഗത്തെത്തിയത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!