വാഷിങ്ടണ്‍: അമേരിക്കയും കാനഡയും തമ്മിലുള്ള വ്യാപാര തര്‍ക്കം രൂക്ഷമാകുന്നതിനിടെ, കാനഡയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ദീര്‍ഘകാലമായി കാനഡ അമേരിക്കയെ ചൂഷണം ചെയ്യുകയായിരുന്നുവെന്നും നിലവിലെ വ്യാപാരയുദ്ധത്തിലൂടെ അവര്‍ക്ക് ‘ചെറിയൊരു പാഠം പഠിപ്പിച്ചു കൊടുക്കുകയാണെന്നും’ ട്രംപ് പറഞ്ഞു. വാഷിങ്ടണില്‍ നടന്ന ഹിസ്പാനിക് ഹെറിറ്റേജ് മാസത്തോടനുബന്ധിച്ചുള്ള ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഷങ്ങളായി ഭരിച്ചിരുന്ന മുന്‍ യുഎസ് ഭരണാധികാരികളുടെ വിഡ്ഢിത്തം നിറഞ്ഞ നയങ്ങളാണ് കാനഡ മുതലെടുത്തതെന്ന് ട്രംപ് ആരോപിച്ചു. യുഎസിലെ വാഹന നിര്‍മ്മാതാക്കള്‍ കാനഡ അടക്കമുള്ള രാജ്യങ്ങളിലേക്ക് പ്ലാന്റുകള്‍ മാറ്റിയതാണ് ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചത്. ‘എനിക്ക് കനേഡിയന്‍ ജനതയെ ഇഷ്ടമാണ്, എന്നാല്‍ അവിടുത്തെ നേതാക്കള്‍ നമ്മുടെ മുന്‍ ഭരണാധികാരികളുടെ വിഡ്ഢിത്തം മുതലെടുക്കുകയായിരുന്നു. കാനഡ തീര്‍ത്തും നിരപരാധികളാണെന്നാണ് അവരുടെ ഭാവം, എന്നാല്‍ അവരും തെറ്റുകാരാണ്,’ ട്രംപ് കൂട്ടിച്ചേര്‍ത്തു.

ചില കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക അധിക ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര തര്‍ക്കം വീണ്ടും രൂക്ഷമായത്. മദ്യ ഉല്‍പ്പന്നങ്ങള്‍, ക്ഷീര ഉല്‍പ്പന്നങ്ങള്‍, ചില മോട്ടോര്‍ സൈക്കിളുകള്‍ എന്നിവയ്ക്ക് ചൊവ്വാഴ്ച മുതല്‍ പുതിയ തീരുവ പ്രാബല്യത്തില്‍ വന്നു.
എന്നാല്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കാനഡയുമായി ഒരു പുതിയ വ്യാപാര കരാറിലെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയും ട്രംപ് പങ്കുവെച്ചു. അമേരിക്കയോട് ചെയ്ത തെറ്റുകള്‍ക്ക് കാനഡ മാപ്പ് പറയേണ്ടിവരുമെന്നും ന്യായമായ ഒരു കരാറിലെത്തുമെന്നും അദ്ദേഹം വാഷിങ്ടണില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ട്രംപിന്റെ പരാമര്‍ശങ്ങളോട് പ്രതികരിച്ച കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി, തങ്ങള്‍ പൂര്‍ണ്ണ സഹകരണത്തോടെ ചര്‍ച്ചകള്‍ക്ക് ഇപ്പോഴും തയ്യാറാണെന്ന് വന്‍കൂവറില്‍ വ്യക്തമാക്കി.
