ഡല്‍ഹി: ഫ്ളൈ ദുബായ് വിമാനത്തില്‍ സഹപൈലറ്റിന്റെ ആക്രമണത്തില്‍ പരുക്കേറ്റ ക്യാപ്റ്റന്‍ സ്മിത് മച്ഛാറുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്യാപ്റ്റന്‍ മച്ഛാറിന്റെ ധൈര്യത്തെയും സമയോചിതമായ തീരുമാനമെടുക്കാനുള്ള കഴിവിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
മച്ഛാറിന്റെ ധൈര്യവും വീര്യവും നിരവധി പേരുടെ ജീവന് രക്ഷിക്കാന്‍ സഹായിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞു. ധീരതയുടെ ഉദാത്ത മാതൃകയാണ് ക്യാപ്റ്റന്‍ മച്ഛാറെന്നും അദ്ദേഹം വിശേഷിപ്പിച്ചു. വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.

ജീവന് അപഹരിക്കുന്നവരല്ല, മറിച്ച് ജീവന് രക്ഷിക്കുന്നവരാണ് ഇന്ത്യക്കാരെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയുന്ന സാഹചര്യമാണ് ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു. മറ്റുള്ളവരുടെ ജീവന് രക്ഷിക്കാന്‍ സ്വന്തം ജീവന് പോലും പണയം വെക്കാന്‍ തയ്യാറാകുന്നവരാണ് ഇന്ത്യക്കാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയുമായുള്ള സംഭാഷണത്തിനിടെ ക്യാപ്റ്റന്‍ മച്ഛാര്‍ വികാരാധീനനായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തന്റെ ഏറ്റവും വലിയ മാതൃകയെന്നും അദ്ദേഹം ഫോണില്‍ വിളിച്ച് സംസാരിച്ചതില്‍ അഭിമാനമുണ്ടെന്നും മച്ഛാര്‍ പറഞ്ഞു.
സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രിയോട് വിശദീകരിക്കവെ, തനിക്ക് നിരവധി പരുക്കുകള്‍ പറ്റിയിരുന്നെങ്കിലും എഴുന്നേറ്റ് എന്തെങ്കിലും ചെയ്യണമെന്ന് സ്വയം പറഞ്ഞതായി മച്ഛാര്‍ പറഞ്ഞു. ആ നിമിഷം തന്റെ ജീവനുവേണ്ടിയാണ് പോരാടിയതെന്നും താഴെ വീണിരുന്നെങ്കിലും എഴുന്നേറ്റില്ലെങ്കില്‍ മരിച്ചുപോകുമെന്ന് ബോധ്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
