വാഷിങ്ടൺ: ഒക്ടോബർ 27ന് നടക്കുന്ന ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് വീണ്ടും പിന്തുണ പ്രഖ്യാപിക്കാൻ തയ്യാറാകാതെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ടൈം മാഗസിന് നൽകിയ അഭിമുഖത്തിലാണ് നെതന്യാഹുവിന്റെ പുനർതിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ ട്രംപ് നേരിട്ട് നിലപാട് പറയാതിരുന്നത്.
ഇസ്രായേൽ ജനങ്ങൾ നെതന്യാഹുവിന് വീണ്ടും അവസരം നൽകണമോയെന്ന ചോദ്യത്തിന്, താൻ ഇപ്പോൾ രാഷ്ട്രീയത്തിൽ ഇടപെടുന്നില്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. വീണ്ടും ചോദിച്ചപ്പോഴും വ്യക്തമായ പിന്തുണ പ്രഖ്യാപിക്കാതെ,“ഇസ്രായേലിനെ പ്രതിരോധിക്കാൻ സഹായിക്കുകയാണ് എന്റെ പ്രധാന ലക്ഷ്യം” എന്ന നിലപാടിലേക്ക് അദ്ദേഹം മറുപടി മാറ്റി.
ഇസ്രായേലിൽ തന്റെ ജനപ്രീതി വളരെ ഉയർന്നതാണെന്നും ട്രംപ് അവകാശപ്പെട്ടു. അതേസമയം, നെതന്യാഹുവിന്റെ പ്രധാന എതിരാളികളിലൊരാളും മുൻ സൈനിക മേധാവിയുമായ ഗാദി ഐൻസ്കോട്ടിനെക്കുറിച്ച് മോശം കാര്യങ്ങളൊന്നും താൻ കേട്ടിട്ടില്ലെന്നും ട്രംപ് പറഞ്ഞു. എന്നാൽ നെതന്യാഹുവിനെ വിലകുറച്ച് കാണരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നെതന്യാഹുവുമായുള്ള ബന്ധത്തിൽ അഭിപ്രായവ്യത്യാസങ്ങൾ
ഇസ്രായേൽ-അമേരിക്ക ബന്ധം ശക്തമായി തുടരുന്നതിനിടയിലും ഇറാൻ, ഗസ്സ, ലെബനൻ തുടങ്ങിയ വിഷയങ്ങളിൽ ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. പ്രത്യേകിച്ച് ഇറാനുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇരു നേതാക്കളുടെയും നിലപാടുകളിൽ വ്യത്യാസങ്ങൾ പ്രകടമായിരുന്നു.
ഇസ്രായേലിലെ ഒക്ടോബർ 27ലെ തിരഞ്ഞെടുപ്പ് 2023ലെ ഹമാസ് ആക്രമണത്തിന് ശേഷമുള്ള ആദ്യ ദേശീയ തിരഞ്ഞെടുപ്പാണ്. നെതന്യാഹുവിനെതിരെ മുൻ സൈനിക മേധാവി ഗാദി ഐൻസ്കോട്ട് ഉൾപ്പെടെയുള്ള നേതാക്കൾ മത്സരരംഗത്തുണ്ട്.
അതേസമയം, നെതന്യാഹുവിന് നേരിട്ട് പിന്തുണ പ്രഖ്യാപിച്ചില്ലെങ്കിലും ട്രംപ് അദ്ദേഹത്തെ പൂർണമായി തള്ളിക്കളഞ്ഞിട്ടില്ല. “പലതവണ ആളുകൾ ബിബിയെ (നെതന്യാഹു) എഴുതിത്തള്ളിയിട്ടുണ്ട്; എന്നെയും അങ്ങനെ ചെയ്തിട്ടുണ്ട്. അതിനാൽ അദ്ദേഹത്തെ ഒരുകാരണവശാലും വിലകുറച്ച് കാണരുതെന്നേ എനിക്ക് പറയാനുള്ളൂ“. ട്രംപ് കൂട്ടിച്ചേര്‍ത്തു.
