Monday, October 5, 2026

സീറ്റുകള്‍ക്ക് തകരാര്‍; ഹ്യുണ്ടായ് അയോണിക് 9 മോഡലുകള്‍ തിരിച്ചുവിളിച്ചു

ഓട്ടവ: പവര്‍ സീറ്റുകള്‍ക്കുള്ള സാങ്കേതിക തകരാറിനെ തുടര്‍ന്ന് കാനഡയില്‍ 1,400-ലധികം അയോണിക് 9 (Ioniq 9) ഇലക്ട്രിക് എസ്യുവികള്‍ തിരിച്ചുവിളിച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ്. ട്രാന്‍സ്പോര്‍ട്ട് കാനഡ നല്‍കിയ സുരക്ഷാ മുന്നറിയിപ്പ് പ്രകാരം, സെക്കന്‍ഡ് റോ ക്യാപ്റ്റന്‍ ചെയറുകളുള്ള 2026, 2027 ഹ്യുണ്ടായ് അയോണിക് 9 അള്‍ട്ടിമേറ്റ് കാലിഗ്രാഫി മോഡലുകളെയാണ് ഈ തീരുമാനം ബാധിക്കുന്നത്. കാനഡയില്‍ ആകെ 1,460 വാഹനങ്ങള്‍ ഇത്തരത്തില്‍ തിരിച്ചുവിളിച്ചിട്ടുണ്ട്.

ഓട്ടോമാറ്റിക് പവര്‍-ഫോള്‍ഡിങ് അല്ലെങ്കില്‍ മടക്കി മാറ്റുന്ന സമയത്ത് സീറ്റിന്റെ ഇടയില്‍ എന്തെങ്കിലും തടസ്സമോ ആളുകളോ ഉണ്ടായാല്‍ അത് തിരിച്ചറിഞ്ഞ് സീറ്റ് തനിയെ നിലയ്‌ക്കേണ്ടതുണ്ട്. എന്നാല്‍ നിലവിലെ തകരാര്‍ മൂലം ആളുകളെയോ മറ്റ് വസ്തുക്കളെയോ തൊട്ടതിനു ശേഷവും സീറ്റുകള്‍ നിര്‍ത്താതെ മുന്നോട്ട് നീങ്ങാന്‍ സാധ്യതയുണ്ട്. ഇത് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍ മുന്‍കരുതല്‍ എന്ന നിലയില്‍, ഈ തകരാര്‍ പരിഹരിക്കുന്നത് വരെ രണ്ടാം നിര സീറ്റുകള്‍ മടക്കുന്നതിന് മുന്‍പ് അവയില്‍ ആരും ഇരിക്കുന്നില്ലെന്നും സാധനങ്ങള്‍ ഒന്നുമില്ലെന്നും ഉറപ്പുവരുത്താന്‍ ഹ്യുണ്ടായ് വാഹന ഉടമകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ബാധിതരായ ഉടമകളെ കമ്പനി നേരിട്ട് അറിയിക്കുകയും വാഹനങ്ങളിലേക്ക് സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് സൗജന്യമായി നല്‍കുകയും ചെയ്യും. ഈ അപ്ഡേറ്റ് വയര്‍ലെസ് ആയി (Over-the-Air) നേടാനോ, അല്ലെങ്കില്‍ തൊട്ടടുത്തുള്ള ഹ്യുണ്ടായ് ഡീലര്‍ഷിപ്പ് സന്ദര്‍ശിച്ച് സൗജന്യമായി ചെയ്‌തെടുക്കാനോ സാധിക്കും. ഉടമകള്‍ക്ക് തങ്ങളുടെ വാഹനം ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അറിയാന്‍ ഹ്യുണ്ടായ് കാനഡയുടെ ഔദ്യോഗിക വെബ്സൈറ്റിലെ റീക്കോള്‍ ലുക്കപ്പ് ടൂളില്‍ വിന്‍ (VIN) നമ്പര്‍ നല്‍കിയാല്‍ മതിയാകും.

സമാനമായ സാങ്കേതിക പ്രശ്‌നത്തെ തുടര്‍ന്ന് അമേരിക്കയിലും ഹ്യുണ്ടായ് അയോണിക് 9 വാഹനങ്ങള്‍ തിരിച്ചുവിളിച്ചിട്ടുണ്ട്. യുഎസ് നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്റെ (NHTSA) കണക്കനുസരിച്ച് ലിമിറ്റഡ്, കാലിഗ്രാഫി, കാലിഗ്രാഫി ഡിസൈന്‍ ട്രിം വേരിയന്റുകളില്‍പ്പെട്ട 5,360 വാഹനങ്ങളെയാണ് അമേരിക്കയില്‍ ഇത് ബാധിച്ചിട്ടുള്ളത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!