ടൊറന്റോ: അറ്റ്ലാന്റിക് സമുദ്രത്തിൽ വെച്ച് സാങ്കേതിക തകരാറിനെ തുടർന്ന് കാണാതായ കനേഡിയൻ എയർ ആംബുലൻസിലെ യാത്രക്കാർക്കായുള്ള തിരച്ചിൽ യു.എസ് കോസ്റ്റ് ഗാർഡ് ഔദ്യോഗികമായി നിർത്തിവെച്ചു. ഒക്ടോബർ 3 ശനിയാഴ്ച പുലർച്ചെ കാണാതായ വിമാനത്തിനായി 53 മണിക്കൂറിലധികം നീണ്ട വിപുലമായ തിരച്ചിൽ നടത്തിയ ശേഷമാണ് ഇന്നലെ സൂര്യാസ്തമയത്തോടെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചത്.
ഒന്റാരിയോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലാറ്റിറ്റ്യൂഡ് എയർ ആംബുലൻസിന്റെ ‘ഗൾഫ്സ്ട്രീം ജി100’ (Gulfstream G100) വിമാനമാണ് അപകടത്തിൽപ്പെട്ടത്. രണ്ട് പൈലറ്റുമാരും രണ്ട് മെഡിക്കൽ സ്റ്റാഫും ഉൾപ്പെടെ നാല് കനേഡിയൻ ജീവനക്കാരും, ബെർമൂഡയിൽ നിന്നുള്ള ഒരു രോഗിയും സഹായിയുമാണ് വിമാനത്തിലുണ്ടായിരുന്നത്. ബെർമൂഡയിൽ നിന്നും രോഗിയുമായി യുഎസിലെ ബോസ്റ്റണിലേക്ക് പോവുകയായിരുന്നു വിമാനം.
മസാച്ചുസെറ്റ്സിലെ നാന്റക്കറ്റ് (Nantucket) തീരത്തുനിന്നും ഏകദേശം 425 കിലോമീറ്റർ അകലെ വെച്ചാണ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുന്നത്. അപകടസമയത്ത് വിമാനത്തിന് ഗുരുതരമായ ഇലക്ട്രിക്കൽ തകരാറുകൾ സംഭവിച്ചതായും, പ്രദേശത്ത് ശക്തമായ കൊടുങ്കറ്റും മോശം കാലാവസ്ഥയും നിലനിന്നിരുന്നതായും എയർ ട്രാഫിക് കൺട്രോൾ അധികൃതർ വ്യക്തമാക്കി.

തിരച്ചിലിനിടയിൽ വിമാനത്തിന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങൾ കടലിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ സമുദ്രത്തിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ വിമാനത്തിലുണ്ടായിരുന്ന ആരെങ്കിലും ജീവനോടെ ഇരിക്കാനുള്ള സാധ്യത മങ്ങിയതിനാലാണ് തിരച്ചിൽ നിർത്താൻ യു.എസ് കോസ്റ്റ് ഗാർഡ് തീരുമാനിച്ചത്. അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങളെ വിവരം അറിയിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തുന്നതിനും അപകടത്തിന്റെ കൃത്യമായ കാരണം വിലയിരുത്തുന്നതിനുമുള്ള തുടർ അന്വേഷണങ്ങൾ കാനഡയിലെയും യുഎസിലെയും സുരക്ഷാ ഏജൻസികൾ വരും ദിവസങ്ങളിൽ ആരംഭിക്കും.
