Tuesday, October 6, 2026

സ്റ്റെൽകോയിലെ കൂട്ടപ്പിരിച്ചുവിടൽ: 5 ദിവസത്തിനകം പദ്ധതി സമർപ്പിക്കാൻ U.S കമ്പനിക്ക് കാനഡയുടെ അന്ത്യശാസനം

ഓട്ടവ: പ്രമുഖ കനേഡിയൻ സ്റ്റീൽ നിർമ്മാണ കമ്പനിയായ സ്റ്റെൽകോയിലെ (Stelco) 500 ഓളം ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ കടുത്ത നിലപാടുമായി കനേഡിയൻ സർക്കാർ രംഗത്ത്. സ്റ്റെൽകോയുടെ മാതൃകമ്പനിയായ യു.എസ് അധിഷ്ഠിത ക്ലീവ്‌ലാൻഡ്-ക്ലിഫ്സിനോട് (Cleveland-Cliffs) ജീവനക്കാരുടെ തൊഴിൽ സംരക്ഷിക്കുന്നതിനുള്ള വ്യക്തമായ പദ്ധതി അഞ്ച് പ്രവൃത്തിദിനങ്ങൾക്കകം സമർപ്പിക്കാൻ ഓട്ടവ ആവശ്യപ്പെട്ടു. കാനഡയുടെ വ്യവസായ മന്ത്രി മെലാനി ജോളി അയച്ച ഔദ്യോഗിക കത്തിലാണ് കമ്പനിക്ക് ഈ അന്ത്യശാസനം നൽകിയിരിക്കുന്നത്.

കാനഡയിൽ നിന്നുള്ള സ്റ്റീലിന്മേൽ യു.എസ് ഏർപ്പെടുത്തിയ കനത്ത താരിഫുകളും വ്യാപാര പ്രതിസന്ധിയുമാണ് ഈ പിരിച്ചുവിടലിലേക്ക് നയിച്ചതെന്നാണ് മാതൃകമ്പനിയായ ക്ലീവ്‌ലാൻഡ്-ക്ലിഫ്സ് വ്യക്തമാക്കുന്നത്. ഹാമിൽട്ടൺ, തടാകക്കരയിലെ ഈറി (Lake Erie) എന്നിവിടങ്ങളിലെ പ്ലാന്റുകളിലെ ജീവനക്കാരെയാണ് ഈ തീരുമാനം നേരിട്ട് ബാധിക്കുക.

ഉറപ്പുകളുടെ ലംഘനമെന്ന് കാനഡ

2024-ൽ സ്റ്റെൽകോ കമ്പനിയെ ക്ലീവ്‌ലാൻഡ്-ക്ലിഫ്സ് ഏറ്റെടുത്ത സമയത്ത്, അടുത്ത അഞ്ച് വർഷത്തേക്ക് കാനഡയിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കില്ലെന്ന് കാനഡ ഇൻവെസ്റ്റ്‌മെന്റ് ആക്ട് പ്രകാരം ഉറപ്പുനൽകിയിരുന്നു. ഈ നിയമപരമായ കരാറാണ് ഇപ്പോൾ ലംഘിക്കപ്പെട്ടിരിക്കുന്നത്. നൽകിയ ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ കമ്പനിക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് ഫെഡറൽ സർക്കാർ മുന്നറിയിപ്പ് നൽകി.

കരാർ വ്യവസ്ഥകൾ പാലിക്കുന്നതിൽ വീഴ്ചയുണ്ടായാൽ കോടതി ഉത്തരവിലൂടെ കരാർ നടപ്പാക്കൽ, ഓഹരി വിറ്റഴിക്കൽ, പിഴ എന്നിവ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ നിയമം സർക്കാരിന് അധികാരം നൽകുന്നുണ്ടെന്നും ജോളി കത്തിൽ വ്യക്തമാക്കിയിരുന്നു.

സ്റ്റെൽകോ വിഷയത്തിൽ സർക്കാരിന് ലഭ്യമായ എല്ലാ നിയമപരമായ അധികാരങ്ങളും ഉപയോഗിക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണിയും കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.

ശക്തമായ പ്രതിഷേധവുമായി യൂണിയനുകൾ

കമ്പനിയുടെ ഈ പെട്ടെന്നുള്ള തീരുമാനം കനേഡിയൻ ജനതയോടും തൊഴിലാളികളോടുമുള്ള വഞ്ചനയാണെന്ന് കനേഡിയൻ പ്രമുഖരും തൊഴിലാളി യൂണിയനുകളും ആരോപിച്ചു. കമ്പനി മനഃപൂർവ്വം കാനഡയിൽ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നാണ് യൂണിയനുകളുടെ ആക്ഷേപം.

വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കനേഡിയൻ സർക്കാരിന്റെ ഭാഗത്തുനിന്നും യു.എസ് മാതൃകമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന നീക്കങ്ങൾ കാനഡയുടെ സ്റ്റീൽ വ്യവസായ മേഖലയിൽ നിർണായകമാകും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!