ബംഗളൂരു: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സി.ജെ.പി (CJP) നടത്തുന്ന ‘ചെരുപ്പ് സമരം’ ബംഗളൂരു ഫ്രീഡം പാര്‍ക്കില്‍ ആരംഭിച്ചു. പ്രശസ്ത നടന് പ്രകാശ് രാജ്, പ്രമുഖ യൂട്യൂബറും സാമൂഹിക പ്രവര്‍ത്തകനുമായ ധ്രുവ് റാഠി എന്നിവര്‍ സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്കെയ്ക്കൊപ്പം സമരപ്പന്തലിലെത്തി പിന്തുണ പ്രഖ്യാപിച്ചു.
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന് (SIR) പിന്നില്‍ വലിയ രീതിയിലുള്ള വോട്ട് മോഷണമാണ് നടന്നിട്ടുള്ളതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് രാജ്യത്തെ ജനങ്ങളെ ആകെ അപമാനിച്ചിരിക്കുകയാണെന്നും പ്രകാശ് രാജ് കുറ്റപ്പെടുത്തി. ‘ആര് ഭരിക്കണമെന്ന് ജനങ്ങള്‍ തീരുമാനിച്ചിരുന്ന സ്ഥാനത്ത്, ആര് വോട്ട് ചെയ്യണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്ന അവസ്ഥയിലെത്തി നില്‍ക്കുകയാണ് രാജ്യം. ഇത് തികച്ചും വോട്ടര്‍മാരെ ഒഴിവാക്കാനുള്ള ഗൂഢശ്രമമാണ്. ന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍, മുസ്ലീങ്ങള്‍ എന്നിവരെ ലക്ഷ്യമിട്ടാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ വെട്ടിമാറ്റുന്നത്,’ എന്ന് അദ്ദേഹം ആരോപിച്ചു.

‘വോട്ടുകള്‍ സംരക്ഷിക്കൂ, ജനാധിപത്യത്തെ സംരക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിഷേധം നടക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായി ഒക്ടോബര്‍ 10-ന് ഡല്‍ഹി ജന്തര്‍മന്തറില്‍ വിവിധ വിദ്യാര്‍ത്ഥി സംഘടനകളെയും പ്രതിപക്ഷ പാര്‍ട്ടികളെയും അണിനിരത്തി വമ്പന്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഡല്‍ഹിയില്‍ നടക്കുന്ന സമരത്തിലും ധ്രുവ് റാഠിയും പ്രകാശ് രാജും പങ്കാളികളാകും.
