പെന്‍സില്‍വേനിയ: അമേരിക്കയിലെ പെന്‍സില്‍വാനിയയിലുള്ള ഈറിയില്‍ (Erie) വെടിവെപ്പ്. അക്രമി ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. ശനിയാഴ്ചയാണ് പോലീസ് സംഭവം സ്ഥിരീകരിച്ചത്. വെടിവെപ്പ് നടത്തിയ വ്യക്തി കൊല്ലപ്പെട്ടതായും നിലവില്‍ പ്രദേശവാസികള്‍ക്ക് മറ്റ് ഭീഷണികളൊന്നുമില്ലെന്നും ഈറി സിറ്റി അധികൃതര്‍ വ്യക്തമാക്കി.
തന്റെ 28 വര്‍ഷത്തിലധികമുള്ള ഔദ്യോഗിക ജീവിതത്തിനിടയില്‍ ഇത്തരമൊരു ദുരന്തം നേരിട്ടിട്ടില്ലെന്ന് ഈറി പോലീസ് ചീഫ് റിക്ക് ലോറ പ്രാദേശിക വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. നഗരത്തിന്റെ ചരിത്രത്തില്‍ തന്നെ ഇത്രയും വലിയ ജീവഹാനിയും നാശനഷ്ടവും ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരും മണിക്കൂറുകളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ പോലീസ് ചീഫ്, വെടിവെപ്പിന് പിന്നിലെ സാഹചര്യങ്ങള്‍ വളരെ ഭയാനകവും അങ്ങേയറ്റം അസ്വസ്ഥത ഉണ്ടാക്കുന്നതുമാണെന്ന് വ്യക്തമാക്കി.

സംഭവത്തെ തുടര്‍ന്ന് ഗവര്‍ണര്‍ ജോഷ് ഷാപിറോ ഈറി മേയര്‍ ഡാരിയ ഡെവ്ലിനുമായി സംസാരിക്കുകയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു. പിറ്റ്സ്ബര്‍ഗില്‍ നിന്ന് ഏകദേശം 206 കിലോമീറ്റര്‍ വടക്കുമാറിയാണ് ഈറി നഗരം സ്ഥിതിചെയ്യുന്നത്. സംഭവത്തില്‍ ഉന്നതതല അന്വേഷണം പുരോഗമിക്കുകയാണ്.
