ഓട്ടവ: കാനഡ പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനുള്ള കാത്തിരിപ്പ് സമയം വീണ്ടും വര്‍ധിച്ചതായി ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (IRCC) അറിയിച്ചു. നിലവിലെ കണക്കനുസരിച്ച് പുതിയതായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഏകദേശം 33 മാസമെടുക്കും. പാരമ്പര്യമായി കനേഡിയന്‍ പൗരത്വം അവകാശപ്പെടാന്‍ അവസരം നല്കുന്ന ബില്‍ C-3 (Bill C-3) നിയമം പ്രാബല്യത്തില്‍ വന്നതോടെ അപേക്ഷകരുടെ എണ്ണത്തിലുണ്ടായ വന്‍ വര്‍ദ്ധനവാണ് ഈ കാലതാമസത്തിന് പ്രധാന കാരണം. ആഗസ്റ്റിനും സെപ്റ്റംബറിനും ഇടയില്‍ മാത്രം പതിനാലായിരത്തിലധികം പുതിയ അപേക്ഷകളാണ് പ്രോസസിംഗ് ക്യൂവിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടത്.
മൂന്ന് പ്രധാന ഘട്ടങ്ങളിലൂടെയാണ് പൗരത്വ സര്‍ട്ടിഫിക്കറ്റിനായുള്ള നടപടികള്‍ പൂര്‍ത്തിയാകുന്നത്. കനേഡിയന്‍ പാരമ്പര്യം തെളിയിക്കുന്നതിന് ആവശ്യമായ രേഖകള്‍ കണ്ടെത്തുകയാണ് ഇതില്‍ ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ ഘട്ടം. മുന്തലമുറകളുടെ ജനന, വിവാഹ രേഖകള്‍ ഔദ്യോഗിക അതോറിറ്റികളില്‍ നിന്ന് ശേഖരിക്കാന്‍ ദിവസങ്ങള്‍ മുതല്‍ ആറുമാസം വരെ സമയമെടുത്തേക്കാം. രേഖകള്‍ ശേഖരിച്ച ശേഷം അപേക്ഷാ ഫോം (CIT 0001) പൂരിപ്പിച്ച് നിര്‍ദ്ദിഷ്ട ഫോട്ടോകളും ഫീസും സഹിതം സമര്‍പ്പിക്കാന്‍ ഒന്നുമുതല്‍ രണ്ടാഴ്ച വരെ സമയമെടുക്കും. അപേക്ഷ IRCC സ്വീകരിക്കുന്നതോടെയാണ് ഔദ്യോഗിക പ്രോസസിംഗ് സമയം കണക്കാക്കി തുടങ്ങുന്നത്.

മുമ്പ് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ഈ പുതിയ 33 മാസത്തെ സമയപരിധി നേരിട്ട് ബാധകമല്ലെന്നും, ലഭിച്ച മുന്‍ഗണനാക്രമത്തിലാണ് അപേക്ഷകള്‍ പരിശോധിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ അപൂര്‍ണ്ണമായ അപേക്ഷകള്‍ നിരസിക്കപ്പെടാനോ തിരികെ അയക്കപ്പെടാനോ സാധ്യതയുണ്ട്. ഇത് വീണ്ടും അപേക്ഷകരെ ക്യൂവിന്റെ അവസാനത്തിലേക്ക് തള്ളപ്പെടാന്‍ ഇടയാക്കുമെന്നും മുന്നറിയിപ്പുണ്ട്. കൂടാതെ സങ്കീര്‍ണ്ണമായ കേസുകളിലും ദത്തെടുക്കല്‍ അടക്കമുള്ള പ്രത്യേക സാഹചര്യങ്ങളിലും പരിശോധനയ്ക്ക് കൂടുതല്‍ സമയമെടുക്കും. പൗരത്വ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം മാത്രമേ കനേഡിയന്‍ പാസ്പോര്‍ട്ടിനായി അപേക്ഷിക്കാന്‍ സാധിക്കൂ.
അതേസമയം ജോലി, പഠനം, കുടുംബപരമായ അടിയന്തര സാഹചര്യങ്ങള്‍, കുട്ടികളെ കാനഡയിലേക്ക് കൊണ്ടുവരല്‍ തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ അപേക്ഷകര്‍ക്ക് വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ‘അടിയന്തര പ്രോസസിംഗ്’ (Urgent Processing) സൗകര്യത്തിന് അപേക്ഷിക്കാവുന്നതാണ്. ആവശ്യമായ തെളിവുരേഖകളും വിശദീകരണക്കത്തും സഹിതമാണ് ഇതിനായി IRCC-യെ സമീപിക്കേണ്ടത്.
