ഓട്ടവ: കാനഡയിലെ ഭവന വായ്പ വിപണിയില്‍ വീണ്ടും തിരിച്ചടി. പ്രമുഖ ബാങ്കുകളെല്ലാം ഫിക്‌സഡ് പലിശ നിരക്കുകള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഒക്ടോബറില്‍ രാജ്യത്തെ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വീണ്ടും കുതിച്ചുയരുന്നു. സെപ്റ്റംബര്‍ തുടക്കം മുതല്‍ കാനഡയിലെ ഏറ്റവും വലിയ ആറ് ബാങ്കുകളും തിരഞ്ഞെടുത്ത ഫിക്‌സഡ് നിരക്കുകളില്‍ വര്‍ധന വരുത്തിയിരുന്നു.
ഒക്ടോബര്‍ 7-ന് ബി.എം.ഒ (BMO) 3-വര്‍ഷ, 5-വര്‍ഷ ഫിക്‌സഡ് നിരക്കുകള്‍ കൂട്ടിയതിന് പിന്നാലെ, ഒക്ടോബര്‍ 9-ന് സി.ഐ.ബി.സിയും (CIBC) വിവിധ ഫിക്‌സഡ് നിരക്കുകള്‍ ഉയര്‍ത്തി. ആര്‍.ബി.സി (RBC), സ്‌കോഷ്യാബാങ്ക് (Scotiabank), നാഷണല്‍ ബാങ്ക്, ടി.ഡി (TD) എന്നീ ബാങ്കുകള്‍ സെപ്റ്റംബറില്‍ തന്നെ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. പ്രമുഖ ബാങ്കുകളില്‍ ടി.ഡി, ആര്‍.ബി.സി എന്നിവയാണ് സെപ്റ്റംബറിന് ശേഷം ഏറ്റവും ഉയര്‍ന്ന നിരക്ക് വര്‍ധന (40 മുതല്‍ 50 ബേസിസ് പോയിന്റ് വരെ) നടപ്പിലാക്കിയത്.

ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് നിരക്കുകളെ നിര്‍ണ്ണയിക്കുന്ന കാനഡ ഗവണ്‍മെന്റിന്റെ 5-വര്‍ഷ ബോണ്ട് ഈല്‍ഡ് (Bond Yield) സെപ്റ്റംബര്‍ 28-ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 3.73 ശതമാനത്തില്‍ എത്തിയിരുന്നു. കാനഡ മോര്‍ട്ട്‌ഗേജ് ആന്‍ഡ് ഹൗസിങ് കോര്‍പ്പറേഷന്റെ (CMHC) കണക്കുകള്‍ പ്രകാരം 2026-ല്‍ 11.5 ലക്ഷം മോര്‍ട്ട്‌ഗേജുകളും 2027-ല്‍ 9.4 ലക്ഷം മോര്‍ട്ട്‌ഗേജുകളും പുതുക്കേണ്ടതുണ്ട് (Renew). അതിനിടയില്‍ വന്നെത്തിയ ഈ പലിശ വര്‍ധന രാജ്യത്തെ ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് കടുത്ത സാമ്പത്തിക ഭാരമായി മാറുകയാണ്.
