ഓട്ടവ: ഹാമില്‍ട്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്റ്റീല്‍ നിര്‍മ്മാണ കമ്പനിയായ ‘സ്റ്റെല്‍ക്കോയില്‍’ (Stelco) നിന്ന് നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനത്തെച്ചൊല്ലി കമ്പനി ഉടമകളും കനേഡിയന്‍ സര്‍ക്കാരും തമ്മില്‍ നിയമപോരാട്ടത്തിലേക്ക്. സ്റ്റെല്‍ക്കോയുടെ മാതൃ കമ്പനിയായ അമേരിക്കന്‍ സ്ഥാപനം ‘ക്ലീവ്ലാന്റ്-ക്ലിഫ്‌സിന്റെ’ (Cleveland-Cliffs) സി.ഇ.ഒ ലൊറന്‍സോ ഗോണ്‍സാല്‍വസ് ആണ് കനേഡിയന്‍ സര്‍ക്കാരിനെതിരെ കോടതിയെ സമീപിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചത്.
2024-ല്‍ സ്റ്റെല്‍ക്കോ വാങ്ങുന്ന സമയത്ത് ഉണ്ടാക്കിയ ‘ഇന്‍വെസ്റ്റ്മെന്റ് കാനഡ ആക്ട്’ കരാര്‍ പ്രകാരം 2029 വരെ തൊഴിലാളികളുടെ എണ്ണം നിലനിര്‍ത്താന്‍ കമ്പനിക്ക് ബാധ്യതയുണ്ടെന്ന് കനേഡിയന്‍ വ്യവസായ മന്ത്രി മെലാനി ജോളി വ്യക്തമാക്കിയിരുന്നു. എന്നാല്‍ അഞ്ചു വര്‍ഷത്തേക്ക് എല്ലാ ദിവസവും ജീവനക്കാരുടെ എണ്ണം ഒരേപോലെ നിലനിര്‍ത്തണമെന്ന് കരാറിലില്ലെന്നും, അങ്ങനെയൊരു വ്യവസ്ഥയുണ്ടായിരുന്നെങ്കില്‍ കമ്പനി വാങ്ങില്ലായിരുന്നുവെന്നും ഗോണ്‍സാല്‍വസ് പ്രതികരിച്ചു. യു.എസ്-കാനഡ വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതുവരെ ഇത് താല്‍ക്കാലിക നടപടി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹാമില്‍ട്ടണ്‍ പ്ലാന്റിലെ 500-ഓളം തൊഴിലുകള്‍ സംരക്ഷിക്കാനുള്ള പ്ലാന്‍ സമര്‍പ്പിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും വ്യവസായ മന്ത്രിയും പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും കമ്പനിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഡോണള്‍ഡ് ട്രംപ് ഭരണകൂടം കനേഡിയന്‍ സ്റ്റീലിന്മേല്‍ ചുമത്തിയ 50 ശതമാനം തീരുവ മൂലം കമ്പനിക്കുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് പിരിച്ചുവിടലിന് കാരണമെന്നും, ഇത് തങ്ങളുടെ നിയന്ത്രണത്തിന് അപ്പുറമാണെന്നുമാണ് കമ്പനിയുടെ വാദം. കൂടാതെ, അമേരിക്കന്‍ വ്യവസായത്തെ സംരക്ഷിക്കുന്ന ട്രംപിന്റെ താരിഫ് നയങ്ങളെ പിന്തുണയ്ക്കുന്നുവെന്നും നല്ലൊരു ഓഫര്‍ ലഭിച്ചാല്‍ കമ്പനി വില്‍ക്കാന്‍ തയ്യാറാണെന്നും ഗോണ്‍സാല്‍വസ് വ്യക്തമാക്കി.
നിലവില്‍ ഹാമില്‍ട്ടണിലും ഒന്റാരിയോയിലെ നന്തികോക്കിലുമുള്ള പ്ലാന്റുകളില്‍ നിന്ന് 300 മുതല്‍ 350 വരെ ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. പെട്ടെന്നുണ്ടായ ഈ നടപടിയില്‍ തൊഴിലാളികളും അവരുടെ കുടുംബങ്ങളും കടുത്ത ആശങ്കയിലാണ്. ട്രംപിന്റെ താരിഫ് നയങ്ങള്‍ വിജയകരമാണെന്ന് വരുത്തിതീര്‍ക്കാനാണ് കമ്പനി സി.ഇ.ഒ ശ്രമിക്കുന്നതെന്നും, കനേഡിയന്‍ സര്‍ക്കാര്‍ കമ്പനിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും യുണൈറ്റഡ് സ്റ്റീല്‍വര്‍ക്കേഴ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടു.
