ഓട്ടവ: നവംബര്‍ 3 മുതല്‍ കാനഡയില്‍ അഭയാര്‍ഥികള്‍ക്ക് (Asylum Claimants) അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ഐ.ആര്‍.സി.സി (IRCC) പോര്‍ട്ടല്‍ സംവിധാനത്തില്‍ പ്രധാനം മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നു. ഇതനുസരിച്ച് പോര്‍ട്ടലില്‍ നിലവില്‍ അപേക്ഷകള്‍ പൂര്‍ത്തിയാക്കാതെ കിടക്കുന്നവര്‍ (Unfinished Claims) അടിയന്തരമായി വിവരങ്ങള്‍ പരിശോധിച്ച് ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്ത് സമര്‍പ്പിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
നവംബര്‍ 3-ലെ പുതിയ മാറ്റത്തിന് ശേഷവും പൂര്‍ത്തിയാക്കാത്ത അപേക്ഷകള്‍ സിസ്റ്റത്തില്‍ നിന്ന് അപ്രത്യക്ഷമാകില്ലെങ്കിലും, അപേക്ഷകര്‍ ഇതുവരെ നല്‍കിയ മറുപടികള്‍ വീണ്ടും പരിശോധിക്കേണ്ടതായും പുതിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടതായും വരും.

കൂടാതെ, കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി (CBSA) വഴി അപേക്ഷ നല്‍കാന്‍ തുടങ്ങിയവര്‍ നവംബര്‍ 2-ന് മുന്‍പായി തങ്ങളുടെ വിവരങ്ങള്‍ ഐ.ആര്‍.സി.സി പോര്‍ട്ടലുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ സി.ബി.എസ്.എ ശേഖരിച്ച വിവരങ്ങള്‍ പോര്‍ട്ടലില്‍ ലഭ്യമാകില്ല. ഇത് മൂലം അപേക്ഷയിലെ പ്രധാന വിവരങ്ങള്‍ വീണ്ടും നല്‍കേണ്ട സാഹചര്യമുണ്ടാകും.
അതേസമയം, അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതിയല്ല ഇതെന്നും, സിസ്റ്റം മാറ്റത്തിന് ശേഷം അപേക്ഷ പ്രോസസിംഗില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വൈകല്‍ ഒഴിവാക്കാന്‍ നിലവിലെ അപേക്ഷകര്‍ പോര്‍ട്ടല്‍ സ്റ്റാറ്റസ് ഉടന്‍ പരിശോധിക്കണമെന്നും ഐ.ആര്‍.സി.സി വ്യക്തമാക്കുന്നു.
