തിരുവനന്തപുരം: മാസപ്പടി ഇടപാടില്‍ അന്വേഷണം കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങി വിജിലന്‍സ്. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ ടി. വീണ, മുന്‍ മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെയുള്ള അന്വേഷണത്തിനായി ഉടന്‍ തന്നെ പ്രത്യേക അന്വേഷണ സംഘങ്ങളെ (SIT) രൂപീകരിക്കും. പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ രണ്ട് വ്യത്യസ്ത കേസുകളായതിനാല്‍ രണ്ടു വെവ്വേറെ അന്വേഷണ സംഘങ്ങളെ നിയോഗിക്കാനാണ് സാധ്യത. കേസില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ (ED) നിന്ന് ഔദ്യോഗികമായി വിവരങ്ങള്‍ തേടാനും വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്.
അന്വേഷണത്തിന്റെ ആദ്യഘട്ടമായി സിഎംആര്‍എലിലെ (CMRL) മുന്‍ ജീവനക്കാരെയും മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെയും ഉടന്‍ ചോദ്യം ചെയ്യും. ഇവരില്‍ നിന്നും ലഭ്യമാകുന്ന വിവരങ്ങളുടെയും ഡിജിറ്റല്‍ തെളിവുകളുടെയും അടിസ്ഥാനത്തിലായിരിക്കും പിണറായി വിജയന്‍, വീണ വിജയന്‍, മുഹമ്മദ് റിയാസ് തുടങ്ങിയവരെ ചോദ്യം ചെയ്യാനായി വിളിപ്പിക്കുക. 2016 മുതല്‍ 2020 വരെയുള്ള കാലയളവില്‍ പ്രതികള്‍ പരസ്പരം ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാണ് വിജിലന്‍സിന്റെ പ്രധാന കണ്ടെത്തല്‍.

വിജിലന്‍സ് എഫ്.ഐ.ആര്‍ പ്രകാരം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മകള്‍ക്കും മകളുടെ കമ്പനിയായ എക്‌സാലോജിക്കിനും സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ സഹായം ചെയ്തുവെന്നാണ് ആരോപണം. യാതൊരുവിധ ഐടി അല്ലെങ്കില്‍ കണ്‍സള്‍ട്ടന്‍സി സേവനങ്ങളും നല്‍കാതെയും ഇന്‍വോയ്‌സുകള്‍ പോലുമില്ലാതെയും പ്രതിമാസം 3 ലക്ഷം രൂപ കമ്പനിക്കും, 5 ലക്ഷം രൂപ വീണയ്ക്ക് വ്യക്തിഗതമായും കൈപ്പറ്റിയതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 13(1)(d), ഐ.പി.സി സെക്ഷന്‍ 120(B) എന്നിവയാണ് ചുമത്തിയിട്ടുള്ള പ്രധാന വകുപ്പുകള്‍. കൂടാതെ, ഹവാല ഇടപാടുകളില്‍ എക്‌സാലോജിക്, എംപവര്‍ ഇന്ത്യ എന്നീ സ്ഥാപനങ്ങളെ ഉപയോഗിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം, വിജിലന്‍സ് കേസിനും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിനുമെതിരെ പ്രതിഭാഗം നല്‍കിയ അപ്പീലുകള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. തങ്ങളുടെ ഭാഗം കേള്‍ക്കാതെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും പൊതുപ്രവര്‍ത്തകര്‍ക്കെതിരെ അന്വേഷണം നടത്തുന്നതിന് മുന്‍കൂര്‍ പ്രോസിക്യൂഷന്‍ അനുമതി ലഭിച്ചിട്ടില്ലെന്നുമാണ് ഹരജിക്കാരുടെ പ്രധാന വാദം. സിംഗിള്‍ ബെഞ്ച് നടപടികളില്‍ കക്ഷികളല്ലാത്തതിനാല്‍ അപ്പീല്‍ നല്‍കാന്‍ പ്രത്യേക അനുമതി (Leave to Appeal) ലഭിച്ചാല്‍ മാത്രമേ ഹരജികളില്‍ വിശദമായ വാദം കേള്‍ക്കുകയുള്ളൂ.
