എറണാകുളം: നെടുമ്പാശേരിയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കാറപകടത്തില്‍ കാറോടിച്ച പ്രതി സുഹൈല്‍ സജീവിനെതിരെ എക്സൈസ് വകുപ്പ് പുതിയ കേസെടുത്തു. 23 വയസ്സുള്ളവര്‍ക്ക് മാത്രം മദ്യം നല്‍കാന്‍ നിയമമുള്ളപ്പോള്‍, വെറും 19 വയസ്സ് മാത്രം പ്രായമുള്ള സുഹൈല്‍ മദ്യം ഉപയോഗിച്ചതാണ് എക്സൈസ് കേസെടുക്കാന്‍ കാരണം. പ്രതിയെ എക്സൈസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.
അപകടത്തിന് കാരണമായ രീതിയില്‍ പ്രായപൂര്‍ത്തിയാകാത്ത യുവാവിന് മദ്യം വിളമ്പിയ എറണാകുളം നഗരത്തിലെ രണ്ട് ബാറുകള്‍ക്കും നെടുമ്പാശേരിയിലെ ഒരു ബാറിനുമെതിരെയും എക്സൈസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബാറുകളുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ക്കായി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍, എക്സൈസ് കമ്മീഷണര്‍ക്ക് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

അപകടസമയത്ത് കാര്‍ മണിക്കൂറില്‍ 150 കിലോമീറ്ററിലധികം വേഗതയിലാണ് ഓടിച്ചിരുന്നതെന്ന് പ്രതി സുഹൈല്‍ പൊലീസിന് മൊഴി നല്‍കി. സംഭവദിവസം ഉച്ചമുതല്‍ മൂന്ന് ബാറുകളില്‍ കയറി സുഹൈലും സുഹൃത്തുക്കളും മദ്യപിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തി. മദ്യലഹരിയില്‍ അമിതവേഗത്തില്‍ വാഹനം ഓടിച്ച് മൂന്ന് മരണത്തിന് കാരണമായ സംഭവത്തില്‍ സുഹൈലിനും സുഹൃത്ത് നിനവിനും പുറമെ, കാറിലുണ്ടായിരുന്ന ആലപ്പുഴ സ്വദേശികളായ അമീര്‍, ജോയല്‍ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മദ്യപിച്ച് അമിതവേഗത്തില്‍ വാഹനം ഓടിക്കാന്‍ പ്രതിക്ക് പ്രേരണ നല്‍കിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. അപകടത്തിന് ശേഷം അമീറും ജോയലും മറ്റൊരു വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
