Tuesday, October 13, 2026

CMRL – എക്സാലോജിക് കേസ്: രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ED

കൊച്ചി: സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ കേന്ദ്ര എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) രണ്ട് പ്രത്യേക കേസ് ഡയറികള്‍ (ECIR) രജിസ്റ്റര്‍ ചെയ്യാന്‍ ഒരുങ്ങുന്നു. നേരത്തെ വിജിലന്‍സ് രണ്ട് വെവ്വേറെ എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്ത പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇതിന്‍പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനെതിരെയും മുന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെയും പ്രത്യേകം കേസുകളായിരിക്കും ഇ.ഡി എടുക്കുക. അതേസമയം, വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അന്വേഷിക്കുന്നതിനായി രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെ (SIT) നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്.

കൈക്കൂലി ആരോപണവും കള്ളപ്പണ മിസ്-യൂസ് അഥവാ ഹവാല ഇടപാടുകളും വെവ്വേറെ രീതിയിലായിരിക്കും വിജിലന്‍സ് അന്വേഷിക്കുക. അന്വേഷണത്തിന്റെ ഭാഗമായി പ്രാഥമികമായി സിഎംആര്‍എല്ലിലെ മുന്‍ ജീവനക്കാരെയും മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെയും ആയിരിക്കും ആദ്യം ചോദ്യം ചെയ്യുക. ഇതിനുപുറമെ, കേസിലെ സാമ്പത്തിക വിവരങ്ങള്‍ ഔദ്യോഗികമായി കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇ.ഡിക്ക് വിജിലന്‍സ് കത്ത് നല്‍കും. വിജിലന്‍സ് എഫ്.ഐ.ആര്‍ പ്രകാരം മാസപ്പടി കേസില്‍ പിണറായി വിജയനാണ് ഒന്നാം പ്രതി. എന്നാല്‍ ഹവാല കേസില്‍ മുഹമ്മദ് റിയാസാണ് ഒന്നാം പ്രതിയായിട്ടുള്ളത്. രണ്ട് കേസുകളിലും മുഖ്യമന്ത്രിയുടെ മകള്‍ ടി. വീണയെ രണ്ടാം പ്രതിയായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അതിനിടെ, കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം മുന്നോട്ട് കൊണ്ടുപോകണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ മുന്‍ ഉത്തരവിനെതിരെ പിണറായി വിജയന്‍ അടക്കമുള്ളവര്‍ സമര്‍പ്പിച്ച അപ്പീലുകള്‍ ഇന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും. അപ്പീല്‍ ഹര്‍ജികള്‍ ഇന്നലെ കോടതിക്ക് മുന്നിലെത്തിയിരുന്നെങ്കിലും, ഹര്‍ജികളിലെ സാങ്കേതിക പിഴവുകള്‍ തിരുത്തി പുതിയ ഫയലുകള്‍ സമര്‍പ്പിച്ച ശേഷം വിശദമായി വാദം കേള്‍ക്കാമെന്ന് വ്യക്തമാക്കിയ ഡിവിഷന്‍ ബെഞ്ച് കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!