Tuesday, October 13, 2026

മണ്‍ട്രിയോളില്‍ പുതിയ അഞ്ചാംപനി കേസ് സ്ഥിരീകരിച്ചു; ജാഗ്രത നിര്‍ദേശം

മണ്‍ട്രിയോള്‍: മണ്‍ട്രിയോള്‍ പിയറി എലിയറ്റ് ട്രൂഡോ അന്താരാഷ്ട്ര വിമാനത്താവളത്തിലും പ്രമുഖ ആശുപത്രിയിലും പുതിയ അഞ്ചാംപനി (Measles) കേസ് റിപ്പോര്‍ട്ട് ചെയ്തതായി കെബെക് പൊതുജനാരോഗ്യ വിഭാഗം അറിയിച്ചു. വിദേശത്തുനിന്നെത്തിയ ഒരു കുട്ടിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗബാധയുളള സമയത്ത് മണ്‍ട്രിയോള്‍ ട്രൂഡോ അന്താരാഷ്ട്ര വിമാനത്താവളത്തിലും സെന്റ് ജസ്റ്റിന്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ സെന്ററിലെ (CHU) എമര്‍ജന്‍സി റൂമിലും എത്തിയിരുന്നതായി കെബെക്ക് പബ്ലിക് ഹെല്‍ത്ത് ഔദ്യോഗികമായി അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച വിമാനത്താവളത്തിലെ ഇന്റര്‍നാഷണല്‍ അറൈവല്‍സ്, കസ്റ്റംസ്, ബാഗേജ് ക്ലെയിം ഏരിയ എന്നിവിടങ്ങളിലും, ശനിയാഴ്ച ആശുപത്രി എമര്‍ജന്‍സി വിഭാഗത്തിലും കുട്ടി ഉണ്ടായിരുന്നു. ഈ സമയങ്ങളില്‍ ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്നവര്‍ തങ്ങളുടെ വാക്‌സിനേഷന്‍ സ്റ്റാറ്റസ് പരിശോധിക്കണമെന്നും ഒക്ടോബര്‍ അവസാനം വരെ രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നുണ്ടോയെന്ന് നിരീക്ഷിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. രോഗത്തിനെതിരെ പ്രതിരോധശേഷിയില്ലാത്തവര്‍ ‘ഇന്‍ഫോ-സാന്‍ടെ 811’ (Info-Santé 811) എന്ന നമ്പറില്‍ ബന്ധപ്പെട്ട് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും മണ്‍്ട്രിയോള്‍ പബ്ലിക് ഹെല്‍ത്ത് നിര്‍ദേശിച്ചിട്ടുണ്ട്.

പനി, മൂക്കടപ്പ്, ചുമ, കണ്ണുകള്‍ ചുവന്നു തടിക്കുക, വെളിച്ചത്തിലേക്ക് നോക്കാന്‍ പ്രയാസം അനുഭവപ്പെടുക, വിറയലും ക്ഷീണവും എന്നിവയാണ് അഞ്ചാംപനിയുടെ പ്രധാന ലക്ഷണങ്ങള്‍. വൈറസ് ബാധയേറ്റ് രോഗലക്ഷണങ്ങള്‍ പുറത്തുവരാന്‍ 5 മുതല്‍ 21 ദിവസം വരെ (ശരാശരി 10 മുതല്‍ 14 ദിവസം വരെ) എടുത്തേക്കാം. ഉയര്‍ന്ന തോതില്‍ പകര്‍ച്ചവ്യാധിയായതിനാല്‍ ലക്ഷണങ്ങളുള്ളവര്‍ ക്ലിനിക്കുകളിലോ ആശുപത്രികളിലോ നേരിട്ടെത്തുന്നതിന് മുന്‍പ് 811 എന്ന നമ്പറില്‍ വിളിച്ച് നിര്‍ദേശങ്ങള്‍ തേടണമെന്ന് ക്യുബെക്ക് പബ്ലിക് ഹെല്‍ത്ത് വ്യക്തമാക്കുന്നു.

സെപ്റ്റംബര്‍ 20-ന് വാലിഫീല്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്ത കേസിന് ശേഷം ക്യുബെക്കില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ അഞ്ചാംപനി കേസാണിത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം സെപ്റ്റംബര്‍ 26 വരെ കാനഡയിലൊട്ടാകെ 1,121 അഞ്ചാംപനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തുടര്‍ച്ചയായി ഒരു വര്‍ഷത്തിലേറെയായി ഒരേ വൈറസ് തരം വ്യാപിക്കുന്നത് കണക്കിലെടുത്ത്, 1998 മുതല്‍ നിലനിര്‍ത്തിപ്പോന്ന ‘അഞ്ചാംപനി വിമുക്ത രാജ്യം’ എന്ന പദവി കാനഡയ്ക്ക് 2025 നവംബറില്‍ പാന്‍ അമേരിക്കന്‍ ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ (PAHO) റദ്ദാക്കിയിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!