ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള നയതന്ത്ര, സാമ്പത്തിക സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കനേഡിയന്‍ വിദേശകാര്യ മന്ത്രി അനിത ആനന്ദ് ഇന്ന് ഇന്ത്യയിലെത്തും. സന്ദര്‍ശന വേളയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുബ്രഹ്‌മണ്യം ജയശങ്കറുമായി അനിത ആനന്ദ് കൂടിക്കാഴ്ച നടത്തും. വ്യാപാരം, ഊര്‍ജ്ജം, സുരക്ഷ, പ്രതിരോധ സഹകരണം തുടങ്ങി പ്രധാന മേഖലകളിലെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനാവും ഇരുനേതാക്കളും മുന്‍ഗണന നല്‍കുക.
2025 സെപ്റ്റംബറിന് ശേഷം ഇരുവരും തമ്മില്‍ നടത്തുന്ന 11-ാമത് കൂടിക്കാഴ്ചയാണിത്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തെ സൂചിപ്പിക്കുന്നു. കൂടാതെ, ന്യൂഡല്‍ഹിയില്‍ നടക്കുന്ന ബ്ലൂംബെര്‍ഗ് ന്യൂ ഇക്കോണമി ഫോറത്തില്‍ ഇടത്തരം ശക്തികളെക്കുറിച്ചും മാറിക്കൊണ്ടിരിക്കുന്ന ആഗോള ക്രമത്തെക്കുറിച്ചുമുള്ള പാനല്‍ ചര്‍ച്ചയിലും മന്ത്രി പങ്കാളിയാകും. ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളുടെ ഈ കാലഘട്ടത്തില്‍ ബഹുമുഖ സഹകരണത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാണിക്കുന്നതിനൊപ്പം ഇന്‍ഡോ-പസഫിക് മേഖലയില്‍ ഇന്ത്യയ്ക്ക് വിശ്വസ്തനായ പങ്കാളിയാണ് കാനഡ എന്ന് അവര്‍ വ്യക്തമാക്കും.

വ്യാപാര ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം തന്ത്രപ്രധാനമായ സുരക്ഷാ, പ്രതിരോധ മേഖലകളില്‍ പരസ്പര സഹകരണം വര്‍ധിപ്പിക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പര്യടനത്തിന്റെ ആദ്യഘട്ട ചര്‍ച്ചകള്‍ക്ക് ശേഷം അനിത ആനന്ദ് യു.എ.ഇയിലേക്ക് തിരിക്കും.
ഒക്ടോബര്‍ 13 മുതല്‍ 16 വരെ നാല് ദിവസം നീളുന്ന ഏഷ്യന്‍ പര്യടനത്തിന്റെ
ആദ്യഘട്ട ചര്‍ച്ചകള്‍ക്ക് ശേഷം അനിത ആനന്ദ് യു.എ.ഇയിലേക്ക് തിരിക്കും. ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. മുതിര്‍ന്ന ഭരണാധികാരികള്‍, ബിസിനസ്സ് പ്രമുഖര്‍ എന്നിവരുമായും അവര്‍ ആശയവിനിമയം നടത്തും.
വ്യാപാരം, പ്രതിരോധം, സുരക്ഷ, കൃത്രിമബുദ്ധി (Artificial Intelligence), ഇന്നൊവേഷന്‍ തുടങ്ങിയ മേഖലകളില്‍ പുതിയ പങ്കാളിത്തം കെട്ടിപ്പടുക്കുകയാണ് സന്ദര്‍ശന ലക്ഷ്യം. 2025 നവംബറില്‍ കനേഡിയന്‍ പ്രധാനമന്ത്രി കാര്‍ണി നടത്തിയ ചരിത്രപരമായ യു.എ.ഇ സന്ദര്‍ശനത്തിലെ തീരുമാനങ്ങളുടെ തുടര്‍ച്ചയായാണ് ഈ ചര്‍ച്ചകള്‍ നടക്കുന്നത്.
