ഓട്ടവ: യു.എസിനും കാനഡയ്ക്കുമിടയിലെ വിമാന സർവീസുകൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആറ് പുതിയ റൂട്ടുകൾ പ്രഖ്യാപിച്ച് എയർ കാനഡയും യുണൈറ്റഡ് എയർലൈൻസും. ഇരു വിമാനക്കമ്പനികളും തമ്മിലുള്ള സഹകരണം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സർവീസുകൾ. അടുത്ത വർഷം മുതൽ പുതിയ റൂട്ടുകളിലും നിലവിലുള്ള പ്രധാന റൂട്ടുകളിലും സർവീസുകൾ വർധിപ്പിക്കാനാണ് തീരുമാനം.
എയർ കാനഡയുടെ പുതിയ റൂട്ടുകളിൽ ടൊറന്റോ–ലൂയിസ്‌വില്ലെ, മൺട്രിയോൾ–ഇന്ത്യാനപൊളിസ്, എഡ്മിന്റൻ–ന്യൂവാർക്ക് എന്നിവ ഉൾപ്പെടുന്നു. ഈ റൂട്ടുകളിൽ സീസണൽ അടിസ്ഥാനത്തിൽ സർവീസുകൾ നടത്തും. ടൊറന്റോ–ലൂയിസ്‌വില്ലെ സർവീസ് ഏപ്രിൽ മുതൽ ഒക്ടോബർ വരെയും മൺട്രിയോൾ–ഇന്ത്യാനപൊളിസ് ജൂൺ മുതൽ സെപ്റ്റംബർ വരെയും എഡ്മിന്റമിന്റൻ–ന്യൂവാർക്ക് ജൂൺ മുതൽ ഒക്ടോബർ വരെയും പ്രവർത്തിക്കാനാണ് പദ്ധതി.
ലൂയിസ്‌വില്ലെയിലേക്ക് ടൊറന്റോയിൽനിന്നുള്ള പുതിയ സർവീസ് നഗരത്തിന്റെ അന്താരാഷ്ട്ര വിമാനയാത്രാ സൗകര്യങ്ങൾക്കും പ്രാധാന്യമേകുമെന്നാണ് വിലയിരുത്തൽ.

എഡ്മിന്റൻ–സാൻ ഫ്രാൻസിസ്കോ റൂട്ടിൽ ശേഷി വർധിപ്പിക്കും
എഡ്മിന്റണിൽനിന്ന് സാൻ ഫ്രാൻസിസ്കോയിലേക്കുള്ള സർവീസിൽ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളുന്നതിനായി എയർ കാനഡ എയർബസ് A220 വിമാനം ഉപയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ ഈ റൂട്ടിലെ യാത്രാ ശേഷി വർധിപ്പിക്കുകയാണ് ലക്ഷ്യം.
അതേസമയം, യുണൈറ്റഡ് എയർലൈൻസ് ന്യൂവാർക്കിൽനിന്ന് സെന്റ് ജോൺസിലേക്ക് പുതിയ സർവീസ് ആരംഭിക്കും. ഡെൻവറിൽനിന്ന് ഓട്ടവ, കെബെക്ക് സിറ്റി എന്നിവിടങ്ങളിലേക്കും പുതിയ കണക്ഷനുകൾ ഒരുക്കും. യുണൈറ്റഡിന്റെ പുതിയ സർവീസുകൾ ആരംഭിക്കുന്ന തീയതികൾ പിന്നീട് പ്രഖ്യാപിക്കുമെന്നാണ് അറിയിപ്പ്.
യാത്രക്കാർക്ക് കൂടുതൽ കണക്ഷനുകൾ
എയർ കാനഡയും യുണൈറ്റഡും തമ്മിലുള്ള ജോയിന്റ് ബിസിനസ് കരാർ 2022-ലാണ് ആരംഭിച്ചത്. കരാറിലൂടെ 1,200-ലധികം കണക്റ്റിങ് യാത്രാ പദ്ധതികൾക്ക് പിന്തുണ നൽകാൻ ഇരു കമ്പനികൾക്കും കഴിയുന്നുണ്ട്. സഹകരണം ആരംഭിച്ചതിനുശേഷം യു.എസിനും കാനഡയ്ക്കുമിടയിൽ 20 പുതിയ റൂട്ടുകൾ കൂട്ടിച്ചേർത്തിരുന്നു.
യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുക, വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക, ഇരു രാജ്യങ്ങൾക്കുമിടയിലെ സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുക എന്നിവയാണ് സർവീസ് വിപുലീകരണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. പുതിയ റൂട്ടുകളുടെ സമയക്രമവും ടിക്കറ്റ് ബുക്കിങ് വിവരങ്ങളും ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതോടെ യാത്രക്കാർക്ക് കൂടുതൽ വ്യക്തത ലഭിക്കും.
