റിയാദ്: സൗദി അറേബ്യയ്ക്കെതിരായ ഹൂതി ആക്രമണങ്ങളെ അപലപിച്ച് തുർക്കിയും യുഎഇയും. സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനുമായി തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാനും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ഫോണിൽ സംസാരിച്ചു. മേഖലയിലെ നിലവിലെ സാഹചര്യങ്ങളും തുടരുന്ന ആക്രമണങ്ങളും ചർച്ചയിൽ വിഷയമായി.
പ്രാദേശിക വെല്ലുവിളികൾ നേരിടുന്നതിൽ സൗദി അറേബ്യയുമായുള്ള സഹകരണം ശക്തിപ്പെടുത്തുമെന്ന് ഹകാൻ ഫിദാൻ വ്യക്തമാക്കി. മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള ഏകോപനവും കൂടിയാലോചനകളും ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ശൈഖ് അബ്ദുല്ല ബിൻ സായിദും ചൂണ്ടിക്കാട്ടി. പശ്ചിമേഷ്യയിലെ സംഘർഷം കുറയ്ക്കുന്നതിനും പിരിമുറുക്കം കൂടുതൽ വ്യാപിക്കുന്നത് തടയുന്നതിനും കൂട്ടായ പ്രവർത്തനം ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
