ടൊറന്റോ: കാനഡയില്‍ ജീവിതച്ചെലവ് കുതിച്ചുയരുന്നതിനെത്തുടര്‍ന്ന് ജനങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പ്രതിമാസ ഫുഡ് ബാങ്ക് സന്ദര്‍ശനങ്ങളില്‍ ഒന്‍പത് ശതമാനത്തിന്റെ വര്‍ധനയുണ്ടായതായി ഫുഡ് ബാങ്ക്സ് കാനഡയുടെ വാര്‍ഷിക ‘ഹംഗര്കൗണ്ട്’ (HungerCount) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2026-ല്‍ പ്രതിമാസം 23.5 ലക്ഷം ആളുകളാണ് ഭക്ഷണത്തിനായി ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്നത്. 2019-മായി താരതമ്യം ചെയ്യുമ്പോള്‍ ഇതില്‍ 117 ശതമാനത്തിന്റെ കൂടുതലാണ് ഉണ്ടായിരിക്കുന്നത്. മറ്റ് വഴിയില്ലാതെ ലക്ഷക്കണക്കിന് ആളുകള്‍ വിഷമിക്കുന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഈ കണക്കുകളെന്ന് ഫുഡ് ബാങ്ക്സ് കാനഡ സി.ഇ.ഓ കിര്‍സ്റ്റിന്‍ ബിയേര്‍ഡ്സ്ലി പറഞ്ഞു. മുന്‍കാലങ്ങളില്‍ ചെറിയ സാമ്പത്തിക പ്രതിസന്ധികള്‍ മറികടക്കാന്‍ കാനഡയിലെ സാധാരണക്കാര്‍ക്ക് സാധിച്ചിരുന്നുവെങ്കിലും ഇന്ന് ഭക്ഷണം കഴിക്കണോ അതോ വീട്ടുവാടക നല്‍കണോ എന്ന് ചിന്തിച്ച് തീരുമാനിക്കേണ്ട അവസ്ഥയിലാണ് കനേഡിയന്‍ നിവാസികളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ്, ന്യൂഫിന്ലാന്റ് ആന്‍ഡ് ലാബ്രഡോര്‍ എന്നിവ ഒഴികെയുള്ള എല്ലാ പ്രവിശ്യകളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഫുഡ് ബാങ്ക് സന്ദര്‍ശകരുടെ എണ്ണം ഉയര്‍ന്നിട്ടുണ്ട്. ജനസംഖ്യ കൂടുതലുള്ള ഒന്റാരിയോയില്‍ മാത്രം 8,46,724 സന്ദര്‍ശനങ്ങളാണ് (11% വര്ധന്) രേഖപ്പെടുത്തിയത്. കെബെക്കില്‍ 7,85,889 (5% വര്‍ധന), ബ്രിട്ടിഷ് കൊളംബിയയില്‍ 2,50,505 (14% വര്‍ധന) എന്നിങ്ങനെയാണ് കണക്കുകള്‍. കൂടാതെ, വടക്കന്‍ കാനഡ മേഖലകളായ യൂക്കോണില്‍ 24 ശതമാനവും നോര്‍ത്ത് വെസ്റ്റ് ടെറിട്ടറീസ്, നുനാവൂട്ട് എന്നിവിടങ്ങളില്‍ 29 ശതമാനവും വര്‍ധന രേഖപ്പെടുത്തി.
രാജ്യത്തെ 5,500-ലധികം ഫുഡ് ബാങ്കുകളില്‍ നിന്നും കമ്മ്യൂണിറ്റി സംഘടനകളില്‍ നിന്നുമുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. 2021 മുതല്‍ അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്നു. ഭക്ഷണസാധനങ്ങളുടെ വിലയില്‍ 30 ശതമാനവും വീട്ടുവാടകയില്‍ 28 ശതമാനവും യാത്രാച്ചെലവില്‍ 24 ശതമാനവും വര്‍ധനവുണ്ടായി. ഇത് ജോലി ചെയ്യുന്ന സാധാരണക്കാരെപ്പോലും ഫുഡ് ബാങ്കുകളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാക്കി. നിലവില്‍ ഫുഡ് ബാങ്ക് ഉപയോഗിക്കുന്നവരില്‍ അഞ്ചിലൊരാള്‍ (20%) ജോലി ഉള്ളവരാണ്. 2019-ല്‍ ഇത് പത്തിലൊരാള്‍ മാത്രമായിരുന്നു.
പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് സംഘടന കനേഡിയന്‍ സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് (EI) വ്യവസ്ഥകളില്‍ ഗിഗ് തൊഴിലാളികളെ ഉള്‍പ്പെടുത്തി മാറ്റങ്ങള്‍ വരുത്തുക, കാനഡ വര്‍ക്കേഴ്സ് ബെനഫിറ്റ് ഇരട്ടിയാക്കുക, ഡിസബിലിറ്റി ടാക്സ് ക്രഡിറ്റ് വര്‍ദ്ധിപ്പിക്കുക, കേന്ദ്ര സാമൂഹിക സഹായ പദ്ധതികള്‍ പുനഃപരിശോധിക്കുക, താങ്ങാനാവുന്ന ചെലവിലുള്ള പാര്‍പ്പിട നിര്‍മ്മാണം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ മേഖലകളില്‍ കൂടുതല്‍ നിക്ഷേപം നടത്തുക എന്നിവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍.
