ഓട്ടവ: പണപ്പെരുപ്പവും മന്ദഗതിയിലുള്ള സാമ്പത്തിക വളർച്ചയും ഒരേസമയം വെല്ലുവിളിയാകുന്നതിനിടെ പലിശനിരക്കിൽ നിർണായക തീരുമാനത്തിനൊരുങ്ങി ബാങ്ക് ഓഫ് കാനഡ. ഒക്ടോബർ 28ന് നടക്കുന്ന ധനനയ പ്രഖ്യാപനത്തിൽ ബാങ്ക് സ്വീകരിക്കുന്ന നിലപാടാണ് സാമ്പത്തിക മേഖല ഉറ്റുനോക്കുന്നത്.
കഴിഞ്ഞ മാസം കാനഡയിലെ പണപ്പെരുപ്പം 3.1 ശതമാനമായി ഉയർന്നിരുന്നു. ഊർജവിലയിലെ വർധനയാണ് വിലക്കയറ്റത്തിന് പ്രധാന കാരണങ്ങളിലൊന്ന്. ആഗോള വ്യാപാര തീരുവകളും മറ്റ് ചെലവുകളും വിലക്കയറ്റം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന ആശങ്കയുമുണ്ട്.
അതേസമയം, സാമ്പത്തിക വളർച്ചയുടെ വേഗം കുറയുന്നത് ബാങ്കിന് വെല്ലുവിളിയാകുന്നു. ജൂലൈയിൽ വളർച്ച പൂജ്യം ശതമാനമായിരുന്നുവെന്നും ഓഗസ്റ്റിൽ 0.1 ശതമാനത്തിലേക്ക് ഉയരുമെന്നുമാണ് പ്രതീക്ഷ. പണപ്പെരുപ്പം നിയന്ത്രിക്കാൻ പലിശനിരക്ക് ഉയർത്തുന്നത് സാമ്പത്തിക പ്രവർത്തനങ്ങളെ കൂടുതൽ മന്ദഗതിയിലാക്കാൻ സാധ്യതയുണ്ട്. മറുവശത്ത്, നിരക്ക് കുറയ്ക്കുന്നത് വിലക്കയറ്റ സമ്മർദം വർധിപ്പിക്കാനും ഇടയാക്കാം.

കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ പ്രധാന പലിശനിരക്ക് മാറ്റമില്ലാതെ 2.25 ശതമാനത്തിൽ തുടരുകയാണ്. ഇത്തവണ നിരക്ക് 0.25 ശതമാനം ഉയർത്തി 2.5 ശതമാനമാക്കാൻ സാധ്യതയുണ്ടെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, സാമ്പത്തിക വിദഗ്ധർക്കിടയിൽ ഇക്കാര്യത്തിൽ ഏകാഭിപ്രായമില്ല. ഉയർന്ന ഊർജവില പണപ്പെരുപ്പം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നത് തടയുകയാണ് നിരക്ക് വർധനയെ അനുകൂലിക്കുന്നവരുടെ പ്രധാന വാദം.
അതേസമയം, സെപ്റ്റംബറിലെ പണപ്പെരുപ്പം 3.1 ശതമാനമായിരുന്നെങ്കിലും ഇന്ധനവില ഒഴികെയുള്ള പണപ്പെരുപ്പം 2.2 ശതമാനമായി കുറഞ്ഞിരുന്നു. അതിനാൽ വിലക്കയറ്റം വ്യാപകമാകുന്നുണ്ടോ എന്നതും ബാങ്കിന്റെ തീരുമാനത്തിൽ നിർണായകമാകും.
പലിശനിരക്ക് സംബന്ധിച്ച പ്രഖ്യാപനത്തോടൊപ്പം ബാങ്കിന്റെ പുതിയ സാമ്പത്തിക പ്രവചന റിപ്പോർട്ടും ബുധനാഴ്ച പുറത്തുവരും. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനൊപ്പം സാമ്പത്തിക വളർച്ചയും തൊഴിൽമേഖലയും സംരക്ഷിക്കേണ്ട സാഹചര്യത്തിൽ ബാങ്കിന്റെ തീരുമാനം കനേഡിയൻ ഉപഭോക്താക്കളുടെയും വായ്പയെടുക്കുന്നവരുടെയും ശ്രദ്ധാകേന്ദ്രമാണ്.
