ഓട്ടവ: കാനഡയുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന ഡിഫൻസ് സെക്യൂരിറ്റി ആൻഡ് റെസിലിയൻസ് ബാങ്കിൽ (DSRB) അംഗമാകില്ലെന്ന് യുകെ. പകരം, ഇരുരാജ്യങ്ങളുടെയും പ്രതിരോധ ധനസഹായ പദ്ധതികൾ തമ്മിൽ സഹകരണം ഉറപ്പാക്കുന്നതിനുള്ള പ്രത്യേക ചട്ടക്കൂട് വികസിപ്പിക്കാൻ ധാരണയായി. സംയുക്ത നിക്ഷേപ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും തന്ത്രപ്രധാനമായ വെല്ലുവിളികൾ നേരിടുന്നതിനുമായി രണ്ട് സംവിധാനങ്ങളും പരസ്പരപൂരകമായി പ്രവർത്തിക്കുമെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കി.
യുകെയുടെ മൾട്ടിലാറ്ററൽ ഡിഫൻസ് മെക്കാനിസവും (MDM) കാനഡയുടെ ഡിഎസ്ആർബിയും തമ്മിൽ എങ്ങനെ സഹകരിക്കാമെന്നതിനെക്കുറിച്ച് വിശദമായ ചർച്ചകൾ നടത്തിയതായി സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. പൊതുവായ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി അനുയോജ്യമായ സഹകരണ മാതൃക രൂപപ്പെടുത്തുമെന്നും പ്രസ്താവനയിൽ പറയുന്നു.
ബാങ്കിന്റെ ആസ്ഥാനം, സംയുക്ത ആയുധ സംഭരണം, അംഗരാജ്യങ്ങൾക്ക് വായ്പ നൽകുന്ന രീതി, പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകൾ തുടങ്ങിയ വിഷയങ്ങളിൽ ഇരുരാജ്യങ്ങൾക്കും ധാരണയിലെത്താൻ കഴിയാത്തതാണ് യുകെ പദ്ധതിയിൽ നിന്ന് വിട്ടുനിൽക്കാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ.

പ്രതിരോധ മേഖലയിലെ നിക്ഷേപം വേഗത്തിലാക്കുക, സംയുക്ത ആയുധ സംഭരണത്തിന് ധനസഹായം നൽകുക, നാറ്റോ അംഗരാജ്യങ്ങളുടെ പ്രതിരോധ ആവശ്യങ്ങൾ ഏകോപിപ്പിക്കുക എന്നിവയിലാണ് യുകെയുടെ എംഡിഎം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതേസമയം, പ്രതിരോധ വ്യവസായങ്ങൾക്കും വിതരണ ശൃംഖലകൾക്കും പിന്തുണ നൽകുകയും രാജ്യങ്ങൾക്ക് വായ്പ ലഭ്യമാക്കുകയും ചെയ്യുന്നതിലാണ് കാനഡയുടെ ഡിഎസ്ആർബിയുടെ പ്രധാന ശ്രദ്ധ.
രണ്ട് സംവിധാനങ്ങളും സ്വതന്ത്രമായി പ്രവർത്തിക്കുമെങ്കിലും പ്രതിരോധ വ്യവസായത്തിന്റെ ആവശ്യങ്ങൾ, നിക്ഷേപ സാധ്യതകൾ, തന്ത്രപ്രധാനമായ ധനകാര്യ വെല്ലുവിളികൾ എന്നിവയിൽ പരസ്പരം സഹകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഡിഎസ്ആർബിക്ക് പ്രധാന യൂറോപ്യൻ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതിൽ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിലാണ് പുതിയ സഹകരണ ചട്ടക്കൂട് ശ്രദ്ധേയമാകുന്നത്.
