Monday, October 26, 2026

അബുദാബി- കാല്‍ഗറി ആദ്യ നോണ്‍സ്‌റ്റോപ്പ് സര്‍വീസ് ആരംഭിച്ച് ഇത്തിഹാദ് എയര്‍വേയ്സ്

കാല്‍ഗറി: അബുദാബിയില്‍ നിന്ന് കാല്‍ഗറിയിലേക്ക് ആദ്യത്തെ നേരിട്ടുള്ള ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാന സര്‍വീസ് ഇത്തിഹാദ് എയര്‍വേസ് ആരംഭിച്ചു. ടിക്കറ്റുകള്‍ പൂര്‍ണ്ണമായും വിറ്റഴിഞ്ഞ ‘EY29’ എന്ന കന്നി വിമാനം ഞായറാഴ്ച രാവിലെ കാല്‍ഗറി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ പ്രവിശ്യാ ഭരണകൂടത്തിന്റെയും വിമാനത്താവളത്തിന്റെയും ടൂറിസം മേഖലയുടെയും പ്രതിനിധികള്‍ ചേര്‍ന്ന് ഉഷ്മളമായ സ്വീകരണം നല്‍കി. ആഴ്ചയില്‍ നാല് ദിവസമായിരിക്കും ഇത്തിഹാദ് ഈ റൂട്ടില്‍ സര്‍വീസ് നടത്തുക.

സാമ്പത്തിക-വ്യാപാര ബന്ധങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം

‘കാല്‍ഗറി നഗരത്തിനും ആല്‍ബര്‍ട്ട പ്രവിശ്യയ്ക്കും വെസ്റ്റേണ്‍ കാനഡയ്ക്കാകെയും ഇത് ചരിത്രപരമായ നിമിഷമാണ്’ എന്ന് ആല്‍ബര്‍ട്ട തൊഴില്‍-സാമ്പത്തിക-വ്യാപാര-കുടിയേറ്റ വകുപ്പ് മന്ത്രി ജോസഫ് ഷോ പ്രതികരിച്ചു. യുഎഇയുമായി നിലവില്‍ വെസ്റ്റേണ്‍ കാനഡയ്ക്കുള്ള ഒരേയൊരു നേരിട്ടുള്ള വിമാന സര്‍വീസാണിത്. ഗവണ്‍മെന്റുകള്‍, സ്വകാര്യ പങ്കാളികള്‍, വിമാനത്താവളം, ഇത്തിഹാദ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഈ സര്‍വീസ് സാധ്യമായതെന്നും, ഇത് കാനഡയെ മിഡില്‍ ഈസ്റ്റുമായും മറ്റ് ആഗോള രാജ്യങ്ങളുമായും കൂടുതല്‍ അടുപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ യാത്രക്കാര്‍ക്കും ഏറെ ആശ്വാസം

പുതിയ സര്‍വീസ് പ്രാദേശിക യാത്രക്കാര്‍ക്കും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്കും വലിയ ആശ്വാസമാണ് നല്‍കുന്നത്. മുന്‍പ് യൂറോപ്യന്‍ രാജ്യങ്ങള്‍ വഴി ദീര്‍ഘനേരത്തെ കാത്തിരിപ്പ് (Layover) സഹിച്ചായിരുന്നു പലരും യാത്ര ചെയ്തിരുന്നത്. എന്നാല്‍ ഇനി മുതല്‍ കാല്‍ഗറിയില്‍ നിന്ന് അബുദാബി വഴി ന്യൂഡല്‍ഹി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളിലേക്ക് മണിക്കൂറുകള്‍ ലാഭിച്ച് അതിവേഗം എത്തിച്ചേരാന്‍ സാധിക്കുമെന്ന് യാത്രികര്‍ സന്തോഷം പങ്കുവെച്ചു.

ടൂറിസത്തിനും ബിസിനസിനും പുതിയ സാധ്യതകള്‍

പുതിയ റൂട്ട് വിമാനക്കമ്പനിയെ സംബന്ധിച്ച് മികച്ച അവസരമാണെന്ന് ഇത്തിഹാദ് അമേരിക്കന്‍ റീജിയണല്‍ മാനേജര്‍ അല്‍പേന മാത്യൂസ് പറഞ്ഞു. ടൂറിസം, ബിസിനസ്, വ്യാപാരം, നിക്ഷേപം എന്നിവയില്‍ പുതിയ സാധ്യതകളുടെ വാതിലുകള്‍ തുറക്കുന്നതാണ് ഈ നീക്കം. തങ്ങളുടെ ആഗോള ശൃംഖലയിലുള്ള നൂറിലധികം കേന്ദ്രങ്ങളിലേക്ക് കാല്‍ഗറിയില്‍ നിന്നുള്ള യാത്രക്കാരെ ബന്ധിപ്പിക്കാന്‍ കഴിയുന്നത് ഇത്തിഹാദിന് അഭിമാനകരമായ നിമിഷമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!