റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമാക്കി ഹൂതി വിമതര്‍ നടത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ അറബ് സഖ്യസേന വിജയകരമായി തടഞ്ഞു. രാജ്യത്തിന്റെ കിഴക്കന്‍ പ്രവിശ്യ ലക്ഷ്യമിട്ടെത്തിയ 3 ബാലിസ്റ്റിക് മിസൈലുകളും തെക്കന്‍ മേഖലയിലേക്ക് വന്ന 4 ഡ്രോണുകളുമാണ് സഖ്യസേന ആകാശത്തുവെച്ച് തകര്‍ത്തത്. ആക്രമണങ്ങളില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ആക്രമണശ്രമങ്ങളെ തുടര്‍ന്ന് അല്‍-ഖര്‍ജ് ഉള്‍പ്പെടെ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ സിവില്‍ ഡിഫന്‍സിന്റെ അപായ മുന്നറിയിപ്പ് സന്ദേശം സൈറണുകള്‍ വഴി ലഭിച്ചിരുന്നു.

അതേസമയം, യമനില്‍ ഹൂതികള്‍ക്ക് നേരെ സൈനിക നടപടികള്‍ സഖ്യസേനയും യമന്‍ സൈന്യവും ശക്തമാക്കി. ‘ഓപ്പറേഷന് ഫജര്‍ യമന്‍’ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വിവിധ മേഖലകളിലായി 1,276 ആക്രമണങ്ങളാണ് നടത്തിയത്. ഏറ്റുമുട്ടലുകളില്‍ 382 ഹൂതി കമാന്‍ഡര്‍മാരും പോരാളികളും കൊല്ലപ്പെട്ടതായി യമന്‍ സൈനിക വക്താവ് വ്യക്തമാക്കി.
കൂടാതെ ഹൂതികളുടെ 140 സൈനിക വാഹനങ്ങളും ആയുധ കേന്ദ്രങ്ങളും തകര്‍ത്തു. കമാന്‍ഡ് സെന്ററുകള്‍, പ്രതിരോധ താവളങ്ങള്‍, ആയുധപ്പുരകള്‍ എന്നിവയ്ക്കു നേരെയും ശക്തമായ ആക്രമണമുണ്ടായി. വ്യോമസേനയുടെ പിന്തുണയോടെ തൈസ്, ജൗഫ്, മാരിബ്, ബൈദ തുടങ്ങിയ മേഖലകളില്‍ പോരാട്ടം തുടരുകയാണ്.
