Saturday, October 31, 2026

15 ലക്ഷം ക്രൈം സ്റ്റോപ്പേഴ്സ് പരാതികൾ ചോർന്നു! ഇനി ഫോൺ വഴി മാത്രം വിവരങ്ങൾ സ്വീകരിക്കാൻ കാനഡ

ഒട്ടാവ: കുറ്റകൃത്യങ്ങളെക്കുറിച്ച് രഹസ്യവിവരങ്ങൾ നൽകുന്ന സംവിധാനമായ ക്രൈം സ്റ്റോപ്പേഴ്സിൽ വൻ സുരക്ഷാവീഴ്ച. 15 ലക്ഷത്തിലധികം പരാതികളുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർന്നതിന് പിന്നാലെ ഇനി ഫോൺ വഴി മാത്രം വിവരങ്ങൾ സ്വീകരിക്കാൻ പ്രാദേശിക ഘടകങ്ങൾക്ക് നിർദേശം നൽകി കനേഡിയൻ ക്രൈം സ്റ്റോപ്പേഴ്സ് അസോസിയേഷൻ. ഓൺലൈൻ പരാതികൾ സ്വീകരിക്കാൻ ഉപയോഗിച്ചിരുന്ന സംവിധാനത്തിലെ സുരക്ഷാവീഴ്ചയാണ് നടപടിക്ക് കാരണം.

അമേരിക്കൻ കമ്പനിയായ നാവിഗേറ്റ്360യുടെ ഉടമസ്ഥതയിലുള്ള പി3 ഗ്ലോബൽ ഇന്റൽ എന്ന പ്ലാറ്റ്ഫോമിലൂടെയാണ് ക്രൈം സ്റ്റോപ്പേഴ്സ് പരാതികൾ കൈകാര്യം ചെയ്തിരുന്നത്. കഴിഞ്ഞ മാർച്ചിൽ ഈ സംവിധാനത്തിൽ ഹാക്കിങ് നടന്നിരുന്നു. തുടർന്ന് പുറത്തുവന്ന വിവരങ്ങൾ പ്രകാരം കഴിഞ്ഞ 25 വർഷത്തിനിടെ കാനഡയിലെ വിവിധ ക്രൈം സ്റ്റോപ്പേഴ്സ് കേന്ദ്രങ്ങളിൽ ലഭിച്ച 15 ലക്ഷത്തിലധികം പരാതികളുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർന്നിട്ടുണ്ട്.

ഇതിൽ 8.5 ലക്ഷത്തിലധികം പരാതികളിൽ വ്യക്തികളെ തിരിച്ചറിയാൻ സഹായിക്കുന്ന വിവരങ്ങളുണ്ടായിരുന്നുവെന്നാണ് സിബിസി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. പേരുകൾ, വിലാസങ്ങൾ, ഫോൺ നമ്പറുകൾ, ഇ-മെയിൽ വിലാസങ്ങൾ, വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പറുകൾ, ബാങ്കിങ് വിവരങ്ങൾ എന്നിവയും ചോർന്ന രേഖകളിലുണ്ടായിരുന്നു. എന്നാൽ ഈ വിവരങ്ങളെല്ലാം പരാതിക്കാരുടേതാണെന്ന് ഉറപ്പിക്കാനായിട്ടില്ല. പരാതികളിൽ പരാമർശിക്കപ്പെട്ടവരുടെയും ഇരകളുടെയും മറ്റ് ബന്ധപ്പെട്ട വ്യക്തികളുടെയും വിവരങ്ങളും ഇതിൽ ഉൾപ്പെട്ടിരിക്കാം.

സുരക്ഷാവീഴ്ചയുടെ പശ്ചാത്തലത്തിൽ പ്രാദേശിക കേന്ദ്രങ്ങൾ ഓൺലൈൻ സംവിധാനത്തിന് പകരം ടെലിഫോൺ വഴി മാത്രം പരാതികൾ സ്വീകരിക്കണമെന്നാണ് അസോസിയേഷന്റെ പുതിയ നിർദേശം. 222-TIPS എന്ന നമ്പറിലേക്ക് വിളിച്ച് രഹസ്യവിവരങ്ങൾ കൈമാറാമെന്നും അസോസിയേഷൻ അറിയിച്ചു. പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ച കേന്ദ്രങ്ങൾ ഫോൺ വഴിയുള്ള പരാതികൾ വീണ്ടും സ്വീകരിക്കുന്ന തീയതി പ്രാദേശികമായി അറിയിക്കും.

നാവിഗേറ്റ്360യുടെ പ്ലാറ്റ്ഫോം ഉപയോഗിക്കാതെ പുതിയ വിവരങ്ങൾ പ്രാദേശിക കേന്ദ്രങ്ങളുടെ നിയന്ത്രണത്തിൽ സൂക്ഷിക്കാനും തുടർന്ന് പൊലീസിന് സുരക്ഷിതമായി കൈമാറാനുമാണ് ഈ മാറ്റമെന്നാണ് അസോസിയേഷൻ വ്യക്തമാക്കുന്നത്.

വിവരങ്ങൾ ചോർന്നതിനെ തുടർന്ന് കാനഡയിലെ നിരവധി ക്രൈം സ്റ്റോപ്പേഴ്സ് കേന്ദ്രങ്ങളും പൊലീസ് വിഭാഗങ്ങളും ഈ സംവിധാനവുമായുള്ള പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. ഒക്ടോബർ 30 വരെയുള്ള കണക്കനുസരിച്ച് 40ലധികം പ്രാദേശിക കേന്ദ്രങ്ങളും പൊലീസ് ഏജൻസികളും പരാതികൾ സ്വീകരിക്കുന്നത് നിർത്തുകയോ പങ്കാളിത്തം താൽക്കാലികമായി മരവിപ്പിക്കുകയോ ചെയ്തിട്ടുണ്ട്.

അതേസമയം, ഹാക്കിങ് നടന്നതിലൂടെ ആരുടെയെങ്കിലും വിവരങ്ങൾ ദുരുപയോഗം ചെയ്തതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ കുറ്റകൃത്യങ്ങളെക്കുറിച്ച് രഹസ്യവിവരം നൽകിയവരുടെ വ്യക്തിവിവരങ്ങൾ പുറത്തായാൽ പ്രതികാര നടപടികൾക്കും ഭീഷണികൾക്കും സാധ്യതയുണ്ടെന്ന ആശങ്ക ശക്തമാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!