സർക്കാരിന്റെ അറിവോ അനുമതിയോ ഇല്ലാതെ സംസ്ഥാനത്ത് മൂന്ന് ബാറുകൾക്ക് ലൈസൻസ് അനുവദിച്ചതിൽ എക്സൈസ് വകുപ്പിൽ നടപടി. മന്ത്രിയുടെ നിർദേശം മറികടന്ന് അനുമതി നൽകിയ രണ്ട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ എക്സൈസ് മന്ത്രി എം. ലിജു, ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നിർദേശം നൽകി.
എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർമാരായ പി.കെ. സതീഷ്, ഷിബു പി.എൽ. എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. എറണാകുളത്ത് രണ്ട് ബാറുകൾക്കും കോട്ടയത്ത് ഒരു ബാറിനുമാണ് ഇവർ അനുമതി നൽകിയത്. സംഭവത്തിൽ എക്സൈസ് കമ്മീഷണറോട് മന്ത്രി അടിയന്തര റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്.

പുതിയ മദ്യനയം പ്രഖ്യാപിച്ചതിന് ശേഷം മാത്രമേ ബാർ ലൈസൻസുകൾ അനുവദിക്കാവൂ എന്നായിരുന്നു മന്ത്രിയുടെ നിർദേശം. എന്നാൽ ഈ നിർദേശം മറികടന്നാണ് ഉദ്യോഗസ്ഥർ അനുമതി നൽകിയത്.
നിലവിൽ എഫ്.എൽ-11 ലൈസൻസുള്ള ബിയർ-വൈൻ പാർലറുകളുടെ ലൈസൻസ് പുതുക്കുന്ന നടപടിയുടെ മറവിലാണ് പുതിയ ബാർ ലൈസൻസുകൾ അനുവദിച്ചതെന്നാണ് വിവരം. ലൈസൻസ് പുതുക്കൽ നടപടികൾക്കിടയിൽ പുതിയ അനുമതികൾ നൽകിയതാണ് വിവാദമായത്.
പുതിയ മദ്യനയം പ്രഖ്യാപിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ പുതിയ ബാറുകൾ അനുവദിക്കേണ്ടതില്ലെന്ന നിലപാടാണ് യു.ഡി.എഫ് സ്വീകരിച്ചിട്ടുള്ളത്. ഈ നിലപാടിന് വിരുദ്ധമായി ഉദ്യോഗസ്ഥർ ലൈസൻസ് അനുവദിച്ചത് സർക്കാരിനെ പ്രതിരോധത്തിലാക്കി.
സംഭവത്തിൽ എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നാണ് സൂചന. സർക്കാരിന്റെ നയപരമായ നിർദേശങ്ങൾ മറികടന്ന് ലൈസൻസ് അനുവദിച്ച സംഭവത്തിൽ വകുപ്പുതല അന്വേഷണം കൂടുതൽ നടപടികളിലേക്ക് നീങ്ങുമോ എന്നാണ് ഇനി അറിയേണ്ടത്.
