വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുമെന്ന ആശങ്കകൾക്കിടെ അസാധാരണ സൈനിക പരിശീലനവുമായി അമേരിക്ക. യുദ്ധത്തിൽ വലിയ തോതിൽ സൈനികർ കൊല്ലപ്പെട്ടാൽ മൃതദേഹങ്ങൾ താൽക്കാലികമായി സംസ്കരിക്കുന്നതിനുള്ള കൂട്ടക്കുഴിമാട പരിശീലനമാണ് യുഎസ് സൈന്യം നടത്തിയത്. കൊറിയൻ യുദ്ധത്തിന് ശേഷം ഇത്രയും വലിയ തോതിൽ ഇത്തരം പരിശീലനം നടത്തുന്നത് ആദ്യമായാണ്.
നോർത്ത് കരോലിനയിൽ നടന്ന പരിശീലനത്തിൽ സൈനിക എൻജിനീയർമാർ, മെഡിക്കൽ പ്രതിരോധ വിഭാഗം, മൃതദേഹ പരിപാലന വിദഗ്ധർ, സൈനിക പുരോഹിതന്മാർ തുടങ്ങിയവർ പങ്കെടുത്തു. ‘ഓപ്പറേഷൻ ഡ്രാഗൺ കവനന്റ്’ എന്ന പരിശീലനത്തിന്റെ രണ്ടാം ഘട്ടമായിരുന്നു ഇത്. 3rd Corps Sustainment Command, 20th Engineer Brigade എന്നിവയുടെ നേതൃത്വത്തിലായിരുന്നു അഭ്യാസം.

യുദ്ധഭൂമിയിൽ വലിയ തോതിൽ സൈനികർ കൊല്ലപ്പെടുകയും മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കാൻ സാധിക്കാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്താൽ എങ്ങനെ കൈകാര്യം ചെയ്യണമെന്നതാണ് പരിശീലനത്തിലൂടെ പരിശോധിച്ചത്. ബുൾഡോസറുകളും മറ്റ് മണ്ണുമാന്തി യന്ത്രങ്ങളും ഉപയോഗിച്ച് താൽക്കാലിക കുഴിമാടങ്ങൾ ഒരുക്കി. മൃതദേഹങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാതെ സംസ്കരിക്കാനും പിന്നീട് തിരിച്ചറിയാനും നാട്ടിലേക്ക് കൊണ്ടുപോകാനും കഴിയുമോയെന്നും പരിശോധിച്ചു.
പരിശീലനത്തിൽ കൃത്രിമ അസ്ഥികൂട മാതൃകകളും വെള്ളം നിറച്ച സഞ്ചികളുമാണ് മൃതദേഹങ്ങൾക്ക് പകരമായി ഉപയോഗിച്ചത്. ഡി6 ബുൾഡോസർ ഉപയോഗിച്ച് 20 മൃതദേഹങ്ങൾ ഉൾക്കൊള്ളാവുന്ന കുഴി ഏകദേശം 75 മിനിറ്റിനുള്ളിൽ ഒരുക്കാൻ സാധിച്ചതായി സൈന്യത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. പരിശീലനത്തിൽ കണ്ടെത്തിയ കാര്യങ്ങൾ ഭാവിയിലെ സൈനിക നടപടികൾക്കുള്ള മാർഗനിർദേശങ്ങൾ പുതുക്കാൻ ഉപയോഗിക്കും.
1950 മുതൽ 1953 വരെ നീണ്ട കൊറിയൻ യുദ്ധകാലത്താണ് അമേരിക്കൻ സൈന്യത്തിന് അവസാനമായി വലിയ തോതിലുള്ള താൽക്കാലിക യുദ്ധഭൂമി സംസ്കാര സംവിധാനങ്ങൾ ആവശ്യമായി വന്നത്. ഇറാഖ്, അഫ്ഗാനിസ്ഥാൻ യുദ്ധങ്ങളിൽ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങൾ വ്യോമമാർഗം വേഗത്തിൽ അമേരിക്കയിലെത്തിക്കുകയായിരുന്നു പതിവ്. എന്നാൽ ഭാവിയിൽ വലിയ സൈനിക ശക്തികൾ തമ്മിലുള്ള യുദ്ധമുണ്ടായാൽ അത്തരമൊരു സൗകര്യം ഉറപ്പാക്കാനാകില്ലെന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ.
സൈനിക പുരോഹിതന്മാർക്കും മതകാര്യ വിഭാഗങ്ങൾക്കും പ്രത്യേക പരിശീലനം നൽകി. ഏകദേശം 130 മതകാര്യ ഉദ്യോഗസ്ഥർ പരിശീലനത്തിൽ പങ്കെടുത്തു. യുദ്ധസാഹചര്യത്തിൽ ഓരോരുത്തർക്കും പ്രത്യേകം മതപരമായ അന്ത്യകർമങ്ങൾ നടത്താൻ സാധിക്കാത്ത സാഹചര്യമുണ്ടായാലും മൃതദേഹങ്ങളോട് ആദരവും മാന്യതയും ഉറപ്പാക്കാനുള്ള നടപടികളും പരിശീലനത്തിന്റെ ഭാഗമായി.
ഇറാനെതിരായ വലിയ സൈനിക നീക്കത്തിന് അമേരിക്ക ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ പരിശീലനം ശ്രദ്ധ നേടുന്നത്. എന്നാൽ ഇറാനെതിരായ ആക്രമണം ലക്ഷ്യമിട്ടാണ് പരിശീലനം നടത്തിയതെന്ന് യുഎസ് സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വലിയ തോതിലുള്ള യുദ്ധസാഹചര്യങ്ങൾ നേരിടാനുള്ള പൊതുവായ തയ്യാറെടുപ്പിന്റെ ഭാഗമായാണ് സൈന്യം ഇതിനെ വിശദീകരിച്ചിരിക്കുന്നത്.
