സസ്കച്വാന്‍: ഹോട്ടലുകള്‍, മോട്ടലുകള്‍, ഷോര്‍ട്ട് ടേം റെന്റല്‍ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള ഹോസ്പിറ്റാലിറ്റി മേഖലയിലെ മനുഷ്യക്കടത്ത് തടയുന്നതിനായി പുതിയ നിയമനിര്‍മ്മാണവുമായി സസ്കച്വാന്‍. ഇരകള്‍ക്ക് കൂടുതല്‍ സംരക്ഷണം ഉറപ്പാക്കുന്നതിനും മനുഷ്യക്കടത്ത് തടയുന്നതിനുമായി വ്യവസായ മേഖലയില്‍ പുതിയ റിപ്പോര്‍ട്ടിങ് നിയമം നിര്‍ബന്ധമാക്കുന്നു. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച നിയമനിര്‍മ്മാണ ഭേദഗതി പ്രവിശ്യാ നിയമസഭയില്‍ അവതരിപ്പിച്ചത്.
ഹോട്ടലുകളും മോട്ടലുകളും വാടക വീടുകളും കേന്ദ്രീകരിച്ചാണ് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കൂടുതലായി നടക്കുന്നത് എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പ്രവിശ്യാ സര്‍ക്കാരിന്റെ ഈ നീക്കം. ‘മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനും ഞങ്ങളുടെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് നിയമത്തില്‍ ഈ ഭേദഗതികള്‍ വരുത്തുന്നത്,’ എന്ന് പ്രവിശ്യാ നീതിന്യായ മന്ത്രി ടിം മക്ലിയോഡ് (Tim McLeod) വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

പുതിയ നിയമനിര്‍മ്മാണത്തിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍:
പൊലീസിനെ അറിയിക്കണം: ഹോട്ടല്‍ ഉടമകള്‍, ഓണ്‍ലൈന്‍ അക്കോമഡേഷന്‍ പ്ലാറ്റ്ഫോമുകള്, റൈഡ്-ഫോര്‍-ഹയര്‍ (ടാക്സി/റൈഡ് ഷെയറിംഗ്) സേവനങ്ങള്‍ എന്നിവര്‍ മനുഷ്യക്കടത്ത് നടക്കുന്നുണ്ടെന്ന സംശയം തോന്നിയാല്‍ ഉടന്‍ പൊലീസിനെ വിവരമറിയിക്കേണ്ടതുണ്ട്.
രജിസ്റ്റര്‍ വിവരങ്ങള്‍ സൂക്ഷിക്കണം: ഹോട്ടലുകളില്‍ എത്തുന്ന ഉപഭോക്താക്കളുടെ കൂടുതല്‍ വിവരങ്ങള്‍ രജിസ്റ്ററുകളില്‍ സൂക്ഷിക്കാന്‍ മാനേജ്മെന്റ് ബാധ്യസ്ഥരാണ്.
പൊലീസ് പരിശോധനയും റിപ്പോര്‍ട്ടും: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഉപഭോക്തൃ വിവരങ്ങള്‍ ആവശ്യമാണെന്ന് ന്യായമായ കാരണങ്ങളുണ്ടെങ്കില്‍ ഈ രജിസ്റ്ററുകള്‍ പരിശോധിക്കാന്‍ പൊലീസിന് അധികാരം ലഭിക്കും. ഇത്തരം വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ പൊലീസ് രേഖാമൂലമുള്ള റിപ്പോര്‍ട്ടും വാര്‍ഷിക റിപ്പോര്‍ട്ടും തയാറാക്കേണ്ടതുണ്ട്.
സ്ഥിരമായി ഒരിടത്ത് നില്‍ക്കാതെ സഞ്ചരിച്ചുകൊണ്ട് ക്രൈം ചെയ്യപ്പെടുന്നതാണ് പലപ്പോഴും മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങള്‍ എന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ ഹോട്ടലുകളും മറ്റ് താമസസൗകര്യങ്ങളും ഇത്തരം അനധികൃത പ്രവര്‍ത്തനങ്ങള്‍ക്ക് എളുപ്പത്തില്‍ ഇരയാകുന്നു.
സര്‍ക്കാരിന്റെ ഈ പുതിയ നീക്കത്തെ ഹോസ്പിറ്റാലിറ്റി സസ്കച്വാന്‍ (Hospitality Saskatchewan) സ്വാഗതം ചെയ്തു. നിയമങ്ങളും നിര്‍ബന്ധിത റിപ്പോര്‍ട്ടിങ് രീതികളും നിയമപാലകരെ സഹായിക്കാനും സമൂഹത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കാനും തങ്ങളുടെ മേഖലയ്ക്ക് കൂടുതല്‍ കരുത്ത് നല്‍കുമെന്ന് സംഘടനയുടെ പ്രസിഡന്റും സിഇഒയുമായ ജിം ബെന്‍സ് (Jim Bence) അഭിപ്രായപ്പെട്ടു.
