Tuesday, November 3, 2026

വിമാന സര്‍വീസ് തടസ്സപ്പെട്ടാല്‍ ഇനി റീഫണ്ട് എളുപ്പമല്ല; പുതിയ പരിഷ്‌കാരങ്ങളുമായി U.S.

വാഷിങ്ടണ്‍: വിമാന സര്‍വീസുകള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്യുമ്പോള്‍ യാത്രികര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ അമേരിക്കയിലെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വകുപ്പ് (US DOT) മാറ്റങ്ങള്‍ വരുത്തുന്നു.

തുടക്കത്തില്‍ ഈ വര്‍ഷം ഒക്ടോബര്‍ 19 മുതല്‍ പ്രാബല്യത്തില്‍ വരുത്താന്‍ തീരുമാനിച്ചിരുന്ന ഈ പരിഷ്‌കാരം, ഇപ്പോള്‍ 2027 ഫെബ്രുവരി ഒന്നിലേക്ക് മാറ്റിവെച്ചിട്ടുണ്ട്. വിമാനക്കമ്പനികളുടെ നിയന്ത്രണത്തിന് പുറത്തുള്ള കാരണങ്ങള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുന്ന പട്ടിക പരിഷ്‌കരിക്കുകയാണ് ഇതിലൂടെ അമേരിക്ക ചെയ്തിരിക്കുന്നത്.

നഷ്ടപരിഹാര നിയമങ്ങളിലെ മാറ്റങ്ങള്‍

അമേരിക്കയിലെ പുതിയ നിയമപ്രകാരം താഴെ പറയുന്ന 10 കാരണങ്ങളാല്‍ വിമാന യാത്ര തടസ്സപ്പെട്ടാല്‍, അത് വിമാനക്കമ്പനികളുടെ പിഴവായി കണക്കാക്കില്ല:

  • സൈബര്‍ ആക്രമണങ്ങള്‍
  • മോശം കാലാവസ്ഥ മൂലം വിമാനത്തിനുണ്ടാകുന്ന കേടുപാടുകള്‍
  • അച്ചടക്കമില്ലാതെ പെരുമാറുന്ന യാത്രക്കാരെ പുറത്താക്കല്‍
  • മുന്‍കൂട്ടി നിശ്ചയിക്കാത്ത അടിയന്തര സാങ്കേതിക അറ്റകുറ്റപ്പണികള്‍

ഇത്തരം കാരണങ്ങള്‍ മൂലം സര്‍വീസുകള്‍ വൈകുകയോ റദ്ദാക്കപ്പെടുകയോ ചെയ്താല്‍, സൗജന്യ ഭക്ഷണം, ഹോട്ടല്‍ താമസം എന്നിവ അടക്കമുള്ള ആനുകൂല്യങ്ങളോ സാമ്പത്തിക നഷ്ടപരിഹാരമോ വിമാനക്കമ്പനികളില്‍ നിന്ന് നേടിയെടുക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടാകും.

എന്നാല്‍, വിമാനം റദ്ദാക്കുകയോ ഗണ്യമായി വൈകുകയോ ചെയ്യുമ്പോള്‍ നല്‍കുന്ന പകരം യാത്ര സര്‍വീസോ ക്രഡിറ്റ് വൗച്ചറോ സ്വീകരിക്കാന്‍ തയാറല്ലെങ്കില്‍ യാത്രികര്‍ക്ക് ടിക്കറ്റ് തുക റീഫണ്ടായി ലഭിക്കാന്‍ അര്‍ഹതയുണ്ടാകും. പകരം വിമാനത്തില്‍ യാത്ര ചെയ്യാന്‍ തീരുമാനിച്ചാല്‍ റീഫണ്ട് ലഭിക്കില്ല.

കനേഡിയന്‍ യാത്രികരെ എങ്ങനെ ബാധിക്കും?

കാനഡയില്‍ നിന്നോ കാനഡയിലേക്കോ ഉള്ള സര്‍വീസുകള്‍ കാനഡയുടെ സ്വന്തം എയര്‍ പാസഞ്ചര്‍ പ്രൊട്ടക്ഷന്‍ നിയമങ്ങള്‍ക്കു കീഴില്‍ തന്നെ തുടരുമെന്ന് വ്യോമയാന മേഖലയിലെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ കാനഡയില്‍ നിന്ന് അമേരിക്കയിലേക്ക് (ഉദാഹരണത്തിന് ഫ്‌ലോറിഡയിലേക്ക്) പോകുന്ന യാത്രികര്‍ക്ക് നിലവിലെ കനേഡിയന്‍ നിയമങ്ങളുടെ പരിരക്ഷ ലഭിക്കും.

എന്നാല്‍, അമേരിക്കക്കുള്ളില്‍ മാത്രമായി നടത്തുന്ന കണക്റ്റിംഗ് യാത്രകളെ (ഉദാഹരണത്തിന് ഒര്‍ലാന്റോയില്‍ നിന്ന് ലോസ് ആഞ്ചലസിലേക്ക്) പുതിയ യുഎസ് നിയമങ്ങള്‍ നേരിട്ട് ബാധിക്കും.

കാനഡയിലെ നിയമപ്രകാരം വിമാനക്കമ്പനികളുടെ പിഴവുമൂലം യാത്ര തടസ്സപ്പെട്ടാല്‍ യാത്രികര്‍ക്ക് വലിയ തുക സാമ്പത്തിക നഷ്ടപരിഹാരമായി ലഭിക്കാന്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ യുഎസിലെ പുതിയ പരിഷ്‌കാരം വിമാനക്കമ്പനികള്‍ക്ക് കൂടുതല്‍ അനുകൂലമായ ഒന്നാണെന്നും, വരുംദിവസങ്ങളില്‍ യാത്രക്കാര്‍ക്ക് ഏത് രാജ്യത്തെ നിയമമാണ് തങ്ങള്‍ക്ക് ബാധകമാകുന്നതെന്ന് തിരിച്ചറിയാന്‍ കൂടുതല്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്നും വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!